
ധാക്ക: പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ ഇന്ത്യാസന്ദര്‍ശനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ഇതിനായി, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടക്കമുള്ളവരെ കൈമാറാനുള്ള അഭ്യര്‍ത്ഥനയില്‍ വേഗത്തില്‍ നടപടി വേണമെന്നും ബംഗ്ലാദേശ്. ഇക്കാര്യത്തില്‍ തങ്ങള്‍ ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് എകെഎം ഷാഹിദുല്‍ കരീം പറഞ്ഞു. പ്രധാനമന്ത്രിയായതിനുശേഷം താരിഖ് റഹ്‌മാന്‍ ആദ്യമായി ഈ മാസം അവസാനം ഇന്ത്യയിലെത്തുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഹിദുല്‍. ഷെയ്ഖ് ഹസീനയെ കൈമാറുന്നതിനെ ആശ്രയിച്ചിരിക്കും പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം.
‘സന്ദര്‍ശനത്തിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന പരിശോധിച്ചുവരികയാണ് എന്ന് ഇന്ത്യ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്‌ദേഹം പ്രതികരിച്ചു.
ഈ മാസം 20,21 തീയതികളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.