കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കറും അഞ്ച് തവണ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംഎൽഎയുമായ ആശിഷ് ബാനർജിയെ ഇന്ന് രാവിലെ ബിർഭൂമിലെ തന്റെ വീടിനടുത്തുള്ള പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന കൈയ്യെഴുത്ത് എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു.
ബംഗാളിയിൽ എഴുതിയ ഒരു പേജുള്ള കുറിപ്പിൽ തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത് ഒരു തെറ്റായിപ്പോയെന്ന് തനിക്ക് തോന്നുന്നുവെന്നും 74 വയസ്സുള്ള അദ്ദേഹം എഴുതിയതായി പറയപ്പെടുന്നു. ഭാവിയിൽ രാഷ്‌ട്രീയത്തിൽ ഇടപെടരുതെന്ന് അദ്ദേഹം കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. 25 വർഷം തുടർച്ചയായി രാംപൂർഹട്ട് നിയമസഭാ സീറ്റിൽ വിജയിച്ച ബാനർജി, താൻ ഒരിക്കലും അഴിമതിയിൽ ഏർപ്പെട്ടിട്ടില്ലെന്നും ഒരു ജോലിക്കും പകരമായി പണം വാങ്ങിയിട്ടില്ലെന്നും എഴുതിയിട്ടുണ്ട്. കൂടാതെ തൃണമൂലിനുള്ളിലെ തെറ്റുകൾ എപ്പോഴും അംഗീകരിക്കാൻ കഴിയില്ലെങ്കിലും അവയ്‌ക്കെതിരെ പ്രതിഷേധിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം എഴുതി.
കൂടാതെ താരാപിത്ത്-രാംപൂർഹട്ട് വികസന അതോറിറ്റി (ടിആർഡിഎ)യെക്കുറിച്ച് പരാമർശിച്ച ബാനർജി, അതിന്റെ ടെൻഡർ സംബന്ധിച്ച തീരുമാനങ്ങൾ, ചെക്ക് വിതരണം, പദ്ധതി അംഗീകാരങ്ങൾ അല്ലെങ്കിൽ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് പറഞ്ഞു. ഇതിനു പുറമേ തന്നെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും ശ്രമങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു.
ആശിഷ് ബാനർജി മമത ബാനർജിയുടെ പ്രധാന സഹായി
മമത ബാനർജിയുടെ പ്രധാന സഹായിയായിരുന്ന ആശിഷ് ബാനർജി വിദ്യാർത്ഥി കാലം മുതൽ രാഷ്‌ട്രീയത്തിൽ സജീവമായിരുന്നു, കൂടാതെ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. 2001 മുതൽ 2026 വരെ അദ്ദേഹം രാംപൂർഹട്ട് നിയമസഭാ സീറ്റിനെ പ്രതിനിധീകരിച്ചു. ഈ വർഷത്തെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ധ്രുവ സാഹ 24,000 ത്തിലധികം വോട്ടുകൾക്ക് അദ്ദേഹത്തെ പരാജയപ്പെടുത്തി.
മമത ബാനർജി സർക്കാരിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മന്ത്രിസ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 15 വർഷത്തെ ഭരണത്തിന് ശേഷം മമത ബാനർജിയുടെ തൃണമൂൽ പാർട്ടിക്ക് ബംഗാളിൽ അധികാരം നഷ്ടപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.
















