തിരുവനന്തപുരം : എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതിന് പിന്നിൽ ആർ എസ് എസ് ആണെന്ന് കോൺഗ്രസ് വക്താവ് ജിന്റോ ജോൺ. ചരിത്ര ബോധമില്ലാത്ത പാട്ടുകാരല്ല കോൺഗ്രസ് നിലപാട് തീരുമാനിക്കുന്നത്. എല്ലാവർക്കും സ്വീകാര്യമല്ലാത്ത ഈരടികൾ പാടിയപ്പോൾ ഇടപെട്ട സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയുമടങ്ങുന്ന നേതൃത്വമാണ് അത് തീരുമാനിക്കുന്നത്.
ഗാന്ധിയും നെഹ്റുവും പട്ടേലും ആസാദും ടാഗോറും പാടണ്ടെന്ന് തീരുമാനിച്ച വരികൾ ആലപിച്ചവർ ആരായാലും അവർക്കുള്ളത് കോൺഗ്രസ് ബോധ്യമല്ല. വിവരക്കേടും വകതിരിവില്ലായ്‌മയും ഒരുമിച്ച് ആലപിച്ചവരുടെ അപശ്രുതികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റേതല്ലെന്നും ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു.
ആർഎസ്എസ് ഡീപ്‌സ്റ്റേറ്റ് എല്ലായിടത്തുമുണ്ടാകും. സർക്കാരിൽ അണികളിൽ ആൾക്കൂട്ടത്തിൽ എല്ലായിടത്തും തക്കം പാർത്തിരുന്ന് പത്തിവിടർത്തുന്ന നാഗം കണക്കേ. അവരെ തിരിച്ചറിയുക, . പലയാവർത്തി അവരെകണ്ട് പരിചയിച്ചാൽ പിന്നെ അവരും ശരിയാണെന്നും കൂടെയുള്ളവരെന്നും നിഷ്പക്ഷർ തെറ്റിദ്ധരിക്കും. അതുകൊണ്ട് ഓരോ ചെറു സീൽക്കാരങ്ങളും കെട്ടടങ്ങുമാറ് ഉച്ചത്തിൽ മതേതരത്വം സംസാരിക്കപ്പെടണമെന്നാണ് ജിന്റോ കുറിച്ചിരിക്കുന്നത്.















