തിരുവനന്തപുരം : ജന്മഭൂമിയുടെ മാതൃസ്ഥാപനമായ മാതൃകാ പ്രചരണാലയത്തിനു കീഴില്‍ കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏര്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടന വേളയിൽ ജനങ്ങൾക്കിടയിൽ വളർന്നു വരുന്ന പത്രത്തിന്റെ സ്വീകാര്യതയെയും പ്രാധാന്യത്തെയും എടുത്തു പറഞ്ഞ് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണ രൂപം വായിക്കാം
” ഇന്ന് ഈ പുതിയ സംരംഭം, പ്രിന്റിംഗ് പ്രസ്സ് അതിന്റെ ഉദ്ഘാടനം ചെയ്യുന്ന ഈ പരിപാടിയിൽ അധ്യക്ഷത വഹിക്കുന്ന ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടർ രാധാകൃഷ്ണൻ, വേദിയിലിരിക്കുന്ന ജനപ്രതിനിധികളും മറ്റ് പ്രമുഖരായ എല്ലാ സുഹൃത്തുക്കളും, വിശിഷ്ട സംസ്കാര സാഹിത്യ വിശിഷ്ട വ്യക്തികളെ, മറ്റ് സഹോദരീ സഹോദരന്മാരെ…
ഇന്ന് ജന്മഭൂമിയുടെ തുടക്കം തൊട്ടുള്ള പ്രവർത്തനം, തുടക്കം മുതൽ കണ്ടറിയാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തിയെന്ന നിലയിൽ മനസ്സിന് വളരെ വളരെ ആനന്ദമുണ്ടാകുന്ന ഒരു സന്ദർഭമാണ്.
നമുക്കെല്ലാവർക്കും അറിയാം വലിയ വലിയൊരു കൈമുതൽ ഉണ്ടായി, സർക്കാരിന്റെ അനുകൂലമായിട്ടുള്ള സഹായം, വൻകിട മുതലാളിമാരുടെ പിന്തുണ… ഈ വക കാര്യങ്ങളെല്ലാം ഒരു പത്രപ്രവർത്തനത്തിന് അനിവാര്യമായിട്ടുള്ള കാര്യങ്ങളാണ്.
ഇതൊന്നുമില്ലാതെയാണ് നമ്മുടെ ജന്മഭൂമിയുടെ പ്രവർത്തനം ആരംഭിച്ചത് എന്നുള്ളത്, ഇന്ന് ജന്മഭൂമിയുടെ വളർച്ച കാണുന്നവർക്ക് അത്ഭുതകരമായിട്ടുള്ള കാര്യമാണ്.
ജന്മഭൂമി കോഴിക്കോട് നിന്ന് ഒരു സായാഹ്ന പത്രമായിട്ടാണ് ആരംഭിച്ചത്. ആ ജന്മഭൂമിയുടെ ദൗത്യം അന്ന് തന്നെ വളരെ വ്യക്തമായിരുന്നു.
ആ കാലഘട്ടത്തിലെ വാർത്തകൾ, സത്യമായിട്ടുള്ള വാർത്തകൾ, പ്രത്യേകമായിട്ടുള്ള ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾ ജനങ്ങളിൽ എത്തിക്കാൻ അധികം പത്രങ്ങളൊന്നും തയ്യാറാകാത്ത… ഞാൻ അതിനെക്കുറിച്ച് കൂടുതൽ വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല… അങ്ങനത്തെ കാലഘട്ടത്തിൽ ജന്മഭൂമി ഒരു സാധാരണ സായാഹ്ന പത്രമായിട്ടാണ് ആരംഭിച്ചത്.
നമ്മുടെ നാട്ടിലെ ആദ്യത്തെ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ പത്രമാധ്യമങ്ങളുടെ ഏറ്റവും ശക്തമായ നടപടികൾ നേരിടേണ്ടി വന്നത് ജന്മഭൂമിക്കായിരുന്നു.
ജന്മഭൂമി അടച്ചുപൂട്ടിയത് മാത്രമല്ല, ജന്മഭൂമിയുടെ പത്രപ്രവർത്തകരും ജന്മഭൂമിയുടെ പിന്നിലുള്ള എല്ലാവരെയും രാത്രിക്ക് രാത്രി അത് അച്ചടിച്ചിറക്കുന്ന സമയത്ത് ഉടുതുണി പോലും മാറ്റാൻ സൗകര്യം നൽകാതെ അറസ്റ്റ് ചെയ്തുകൊണ്ടുപോയിട്ട് ദത്താത്രേയ റാവു, എഡിറ്റർ ഉൾപ്പെടെയുള്ള ആളുകളെല്ലാം അതിക്രൂരമായിട്ടുള്ള മർദ്ദനത്തിന് ഇരയായി.
ആ രീതിയിൽ ഒരു ദേശീയമായിട്ടുള്ള മനോഭാവമുള്ള പത്രം പ്രവർത്തിച്ചതിന്റെ പേരിൽ ആദ്യമായിട്ടാണ് അത് നേരിടേണ്ടി വന്നത് ജന്മഭൂമിയായിരുന്നു.
മറ്റ് പലരും ആ നിയമത്തിന് അനുസരിച്ച് വഴങ്ങാൻ തയ്യാറായപ്പോഴും ജന്മഭൂമി അതിന് തയ്യാറായിരുന്നില്ല.
അടിയന്തരാവസ്ഥയ്‌ക്ക് ശേഷം പ്രവർത്തനം ആരംഭിക്കുന്ന സമയത്തും ഈ പത്രത്തിന് എല്ലാ പരിമിതികളും ഉണ്ടായിരുന്നു.
നമുക്കറിയാം വലിയ ആദ്യത്തെ കൈമുതലൊന്നുമില്ല. സർക്കാരിന്റെ സഹായം ഒന്നുമില്ല. വൻകിട മുതലാളിമാർ ആരും ഇതിനെ സഹായിക്കാൻ തയ്യാറാകാതിരുന്ന സമയത്ത് ഉണ്ടായിരുന്നത് ഒരു കൂട്ടം ദൃഢനിശ്ചയമുള്ള, ആദർശബോധമുള്ള ആളുകളായിരുന്നു.
ദേശീയതയിൽ ഒരംശം പോലും പിന്നോട്ട് പോകാൻ തയ്യാറല്ല എന്ന് വിചാരിക്കുന്ന ഒരു കൂട്ടം ആളുകളായിരുന്നു. അവരുടെ ദൃഢനിശ്ചയം… അത് മാത്രമായിരുന്നു ഈ ജന്മഭൂമിയുടെ വളർച്ചയ്‌ക്ക് കാരണമായത്.
ആ കാലഘട്ടത്തിലെ അനവധി ആളുകൾ, അവരുമായിട്ട് സംസാരിക്കുന്ന സമയത്തെല്ലാം തന്നെ ഇതുപോലൊരു ദിനപത്രം ആ രീതിയിലുള്ള പിന്തുണകൾ ഒന്നുമില്ലാതെ മുന്നോട്ട് പോകുന്നത് അസാധ്യമാണ്… അനവധി അനവധി പത്രങ്ങൾ നഷ്ടപ്പെട്ട കാലഘട്ടമായിരുന്നു.
ആ സമയത്തെല്ലാം ഈ പ്രവർത്തകർ അനുഭവിച്ച ശരിക്ക് ജന്മഭൂമിയുടെ പ്രവർത്തനത്തിൽ ഈ രീതിയിലുള്ള സംശയങ്ങൾ നോക്കുമ്പോൾ പലപ്പോഴും അഗ്നിപരീക്ഷണങ്ങൾ ഉണ്ടായിരുന്നു.
ജന്മഭൂമി അച്ചടിക്കുന്ന പത്രം ആ ഒരു പ്രസ്സിൽ നിന്ന് രാത്രി ഒരു രാത്രിയിൽ സ്റ്റോപ്പ് ആയി. കാരണം… പക്ഷേ ആ സമയത്തെല്ലാം നമ്മുടെ സംഘടനയെ സ്നേഹിക്കുന്ന, കേരളത്തിലെ കാണികളായിട്ടുള്ള ആളുകൾ അല്ലെങ്കിൽ മാധ്യമരംഗത്ത് നിന്നുള്ള പത്രങ്ങൾ ഭൂരിഭാഗവും ഒരു നിമിഷം, ഒരു ദിവസം പോലും പത്രം മുടങ്ങിയില്ല, പത്രം നാടെങ്ങും എത്തിച്ചു.
അതായിരുന്നു ദൃഢനിശ്ചയം. അതിന് പ്രവർത്തിച്ച ആളുകൾ… ഈ ഒരു പത്രപ്രവർത്തനത്തിൽ പ്രവർത്തിക്കുന്ന പത്രത്തിലെ പ്രവർത്തകരായ എഡിറ്റർമാർ അല്ലെങ്കിൽ മറ്റ് ജോലി ചെയ്യുന്ന ആളുകൾ, നാലും അഞ്ചും മാസങ്ങളോളം ശമ്പളം പോലും വാങ്ങാൻ സാധിക്കാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.
കൂടുതൽ കൂടുതൽ പരസ്യങ്ങൾക്ക് വേണ്ടി മറ്റ് പല സ്ഥാപനങ്ങളുടെയും അടുക്കൽ പോകാനായിട്ടുള്ള സാഹചര്യത്തിൽ, തങ്ങളുടെ ആദർശത്തിന് വേണ്ടി ഉറച്ചുനിൽക്കാൻ തയ്യാറാകും, തങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും സഹിക്കാൻ തയ്യാറാകും എന്ന് ആ ദൃഢനിശ്ചയത്തോടുകൂടി പ്രവർത്തിച്ച പ്രവർത്തകർ ക്രമേണ ക്രമേണ അനവധി കഷ്ടപ്പാടുകൾക്കിടയിൽ തന്നെ ഇന്നും നാളെയും ഇന്നിപ്പോൾ അനവധി സ്ഥലങ്ങളിൽ നിന്ന് ഒരേസമയത്ത് അച്ചടിക്കാൻ കാരണം…
നമ്മുടെ എല്ലാ തരത്തിലുള്ള കഷ്ടപ്പാടുകളിൽ നിന്നും പരിപൂർണ്ണമായി പോന്നു, വലിയൊരു ആയി എന്ന് പറയാൻ സാധിക്കില്ല എങ്കിൽ പോലും വലിയ വലിയ മുതലാളിമാർ നടത്തിക്കൊണ്ടിരിക്കുന്ന വലിയ തരത്തിലുള്ള എല്ലാ സഹായങ്ങളും ലഭിക്കുന്ന അനവധി പത്രങ്ങൾ കേരളത്തിലുണ്ട്.
അതിൽ നിന്നും വ്യത്യസ്തമായ, ആദർശ ശുദ്ധമായ, ദേശീയത ഉൾക്കൊള്ളുന്ന ആ പത്രം ജനങ്ങളുടെ ഇടയിലേക്ക് കൂടുതൽ കൂടുതൽ സ്വീകാര്യത നേടി വരുന്നു.
ആ ഒരു പ്രവർത്തനത്തിന്റെ മുന്നേറ്റത്തിൽ ഒരു പുതിയ മാനം, സ്വന്തം പ്രസ്സ് ജന്മഭൂമിക്കുണ്ടാവുക എന്നുള്ളതാണ്. അതും തിരുവനന്തപുരത്ത് മണ്ണിൽ. തിരുവനന്തപുരത്തെ കുറിച്ച് ഞാൻ പറയേണ്ട ആവശ്യമുണ്ടോ, കേന്ദ്രമന്ത്രിമാരും അതുപോലെതന്നെ നഗരപിതാവും എല്ലാമായിട്ട് ഈ ഒരു ആദർശത്തിന്റെ മുന്നേറ്റത്തിന് ഇതും നമുക്ക് അഭിമാനകരമായിട്ടുള്ള കാര്യമാണ്.
കൂടുതൽ കാര്യങ്ങൾ ഞാൻ പറയുന്നതായിരിക്കുന്നില്ല. നമ്മുടെ ഈ നിശ്ചയദാർഢ്യം, ആദർശബോധം അതിനനുസരിച്ച് എന്ത് ത്യാഗവും സഹിക്കാൻ തയാറുള്ള സംഘാടകർ അതാണ് നമ്മളെ ഇവിടെ എത്തിച്ചത്. നമുക്ക് കൂടുതൽ കൂടുതൽ മുന്നോട്ട് പോകാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.” – അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.
















