ഇടുക്കി: എഴുകുംവയല്‍ കഴിഞ്ഞ രാത്രി നടന്ന ഇരട്ട കൊലപാതകത്തില്‍ പ്രതി അജീഷുമായി വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി.താന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇങ്ങനെ ആയിരുന്നില്ലെന്നും ഇതൊക്കെ തനിക്കുള്ള പണിയെന്നും അജീഷ് പറഞ്ഞു. ലഹരിക്കടിമയായ അജീഷ് ഒരാഴ്ച മുമ്പാണ് ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയത്. എഴുകുംവയല്‍ പാറത്തറയില്‍ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.പ്രതിയുടെ പരസ്പര വിരുദ്ധമായ മൊഴി പൊലീസിനെ വലയ്‌ക്കുന്നുണ്ട്.
ഇരുവരെയും ദൈവം വിളിച്ചത് പ്രകാരം സന്നിധിയിലേക്ക് അയച്ചു എന്ന വിചിത്ര പ്രതികരണമാണ് കൊലപാതകത്തിനുശേഷം പ്രതി നാട്ടുകാരോടും പൊലീസിനോടും നടത്തിയത്. ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ അജീഷ് ലഹരി ഉപയോഗം വീണ്ടും തുടര്‍ന്നത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പിതാവ് ആന്റണിയെയും മാതാവ് വത്സയെയും അജീഷ് കുത്തി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ചിത്രങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള വൈദികന് അയച്ചു നല്‍കി.
കൊല്ലപ്പെട്ട ആന്റണിയുടെ മാതാവും സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും വയോധികയായ ഇവര്‍ക്ക് കേള്‍വിക്കുറവുളളതിനാല്‍ ബഹളം അറിഞ്ഞില്ല. സംഭവം നടക്കുമ്പോള്‍ ഇവര്‍ ഉറങ്ങുകയായിരുന്നു.
















