ന്യൂദല്‍ഹി: രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഈ മാസം 16 മുതല്‍ സപ്തം. 15 വരെ അമൃത് ഉദ്യാനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം. നോര്‍ത്ത് അവന്യൂ റോഡിന് സമീപമുള്ള 35-ാം നമ്പര്‍ ഗേറ്റ് വഴിയാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്.
സന്ദര്‍ശകര്‍ visit.rashtrapatibhavan.gov.in എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം. ഒരു ദിവസത്തേക്കുള്ള ബുക്കിങ് തലേദിവസം രാവിലെ 10ന് അവസാനിക്കും. നേരിട്ടുള്ള ബുക്കിങ് സൗകര്യം ഉണ്ടായിരിക്കില്ല. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനില്‍ നിന്ന് അമൃത് ഉദ്യാന്‍ പ്രവേശന കവാടത്തിലേക്ക് ഷട്ടില്‍ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















