ഭഗവാന്‍ ജഗന്നാഥനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒട്ടേറെ പ്രാര്‍ത്ഥനാഗീതങ്ങളും ഭക്തിഗാനങ്ങളും കുട്ടിക്കാലം മുതല്‍ക്കെ എന്റെ ഓര്‍മ്മകളിലുണ്ട്. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ മഹാപ്രഭു ജഗന്നാഥന്റെ ഭജനകള്‍ ആലപിക്കുന്നതില്‍ ഞാന്‍ അതിയായ സന്തോഷം കണ്ടെത്തിയിരുന്നു. മഹാപ്രഭുവിനോട് അനിര്‍വ്വചനീയമായ ഒരു ബന്ധം സദാ അനുഭവവേദ്യമായിരുന്നു. ഞാനിപ്പോള്‍ ഭജനകള്‍ പതിവായി ആലപിക്കാറില്ലെങ്കിലും, അവ നിശബ്ദമായി മൂളുകയും എല്ലാ ദിവസവും ഭഗവാന്‍ ജഗന്നാഥനെ സ്മരിക്കുകയും ചെയ്യാറുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തിയും പിന്തുണയുമേകി അവിടുത്തെ ദിവ്യസാന്നിധ്യം സദാ എന്നോടൊപ്പമുണ്ട്. ഭക്തകവി മധുസൂദന റാവു രചിച്ച ഗാനം മൃദുവായി ഞാന്‍ ആലപിച്ചു പോരുന്നു: ‘മഹാപ്രഭു രാവും പകലും എന്നോടൊപ്പമുണ്ട്; ഈ സ്മരണയോടെ, ഞാന്‍ എപ്പോഴും അവനെ പൂര്‍ണ്ണഹൃദയത്തോടെ ആരാധിക്കുന്നു’.
ഞാന്‍ വളര്‍ന്നു വലുതാകുകയും ചുറ്റുമുള്ള ലോകത്തെകുറിച്ച് ഗ്രഹിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍, മഹാപ്രഭു ജഗന്നാഥന്റെ മഹത്വം കൂടുതല്‍ വെളിവായി. വീട്ടില്‍, മഹാപ്രഭു ജഗന്നാഥനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പതിവായിരുന്നു. നമ്മുടെ ഗ്രാമത്തിലും അത്തരം ചര്‍ച്ചകള്‍ സര്‍വ്വസാധാരണമായിരുന്നു. ഞാന്‍ ഗ്രാമത്തിലെ സ്‌കൂളില്‍ പഠിക്കുമ്പോള്‍, ഭക്ത സാല്‍ബെഗ് രചിച്ച പ്രസിദ്ധമായ പ്രാര്‍ത്ഥന ‘അഹേ നില ശൈല’ ഞങ്ങള്‍ പതിവായി ചൊല്ലാറുണ്ടായിരുന്നു. ഞങ്ങളുടെ അദ്ധ്യാപകന്‍ ഭഗവാന്‍ ജഗന്നാഥനെക്കുറിച്ചും പുരിയിലെ മനോഹരമായ ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ചും എപ്പോഴും വാചാലനാകും. പുരിയില്‍ ഒരു മഹാക്ഷേത്രമുണ്ട്, അത്രയും മനോഹരമായ മറ്റൊരു ക്ഷേത്രമില്ല! ജ്യേഷ്ഠന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര എന്നിവര്‍ക്കൊപ്പം ഭഗവാന്‍ ജഗന്നാഥനെ അവിടെ ആരാധിക്കുന്നു. മഹാപ്രഭു ജഗന്നാഥന് ഇരുണ്ട നിറവും വൃത്താകാരമായ നയനങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ സഹോദരി സുഭദ്രയ്‌ക്ക് ചന്ദന നിറമാണ്, അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ബലഭദ്രനാകട്ടെ ചന്ദ്രപ്രകാശത്താല്‍ തിളങ്ങുന്ന പുഷ്പത്തെ അനുസ്മരിപ്പിക്കും വിധം വെളുത്ത നിറമാണ്. അവരുടെ തേജോമയമായ രൂപം ഒരിക്കലും മറക്കാന്‍ കഴിയില്ല. ഭഗവാന്‍ ജഗന്നാഥനുമായി ബന്ധപ്പെട്ട എല്ലാം മഹത്തരമോ പവിത്രമോ ആയി കണക്കാക്കപ്പെടുന്നുവെന്ന് എന്റെ അദ്ധ്യാപകന്‍ വിശദീകരിക്കാറുണ്ട്: ജഗന്നാഥന്‍ ‘മഹാപ്രഭു’ ആണ്, അദ്ദേഹത്തിന്റെ പ്രസാദം ‘മഹാപ്രസാദം’ ആണ്, അദ്ദേഹത്തിന്റെ ക്ഷേത്രം ‘ബഡ ദ്യൂല’ അഥവാ മഹാക്ഷേത്രമാണ്, അദ്ദേഹത്തിന്റെ വീഥി ‘ബഡാ ദണ്ഡ’ അഥവാ ഗ്രാന്‍ഡ് റോഡ് ആണ്, അദ്ദേഹത്തിന്റെ സമുദ്രം ‘മഹോദധി’ അഥവാ മഹാസമുദ്രമാണ്. പുരിയിലെ പുരുഷോത്തമ ക്ഷേത്രം, എന്റെ ജന്മഗ്രാമമായ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേദയില്‍ നിന്ന് ഏറെ അകലെയായതിനാല്‍ അവിടം സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട്, യൂണിറ്റ്-2 ഗേള്‍സ് ഹൈസ്‌കൂളിലെ പഠനത്തിനായി ഭുവനേശ്വറിലെത്തുകയും ഹോസ്റ്റലില്‍ താമസമാക്കുകയും ചെയ്തപ്പോള്‍, അവസാനം പുരി, ഭുവനേശ്വര്‍, കൊണാര്‍ക്ക് തുടങ്ങിയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം കൈവന്നു. ഭഗവാന്‍ ജഗന്നാഥന്റെ പ്രഥമ ദര്‍ശനം എന്റെ ഓര്‍മ്മയിലിന്നും മായാതെ നില്‍ക്കുന്നു. ക്ഷേത്രത്തിന്റെ പ്രൗഢിയും അതിമനോഹരമായ ദേവതാശില്പങ്ങളും എന്നില്‍ ആഴത്തിലുള്ള മുദ്രകള്‍ പതിപ്പിച്ചു, ആ അനുഭവം ഇന്നും അവിസ്മരണീയമായി തുടരുന്നു.
മഹാപ്രഭു ജഗന്നാഥന്റെ രഥയാത്ര ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? വര്‍ഷത്തിലെ പന്ത്രണ്ട് മാസങ്ങളിലായി പതിമൂന്ന് ഉത്സവങ്ങള്‍ ശ്രീക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ രഥയാത്രയുടെ മഹത്വം അതുല്യമാണ്. ഭഗവാന്റെ പവിത്രമായ ദര്‍ശനം ലഭിക്കാന്‍ ഭക്തര്‍ വര്‍ഷം മുഴുവനും ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കുന്നു. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍, മഹാപ്രഭു സ്വയം ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങി വിശാല ഗ്രാന്‍ഡ് റോഡ് (ബഡാ ദണ്ഡ) വീഥിയിലൂടെ ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് യാത്ര ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു. ഭഗവാന്‍ ജഗന്നാഥന്‍ തന്റെ സഹോദരന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര, പവിത്രമായ സുദര്‍ശന ചക്രം എന്നിവരോടൊപ്പം മനോഹരമായി അലങ്കരിച്ച മൂന്ന് രഥങ്ങളില്‍ ഗുണ്ടിച്ച ക്ഷേത്രം സന്ദര്‍ശിക്കുന്നു. അവിടെ ഏഴ് ദിവസം വസിച്ച ശേഷം പ്രധാന ക്ഷേത്രത്തിലേക്ക് മടങ്ങുന്നു. മഹാപ്രഭുവിന്റെ ഈ മഹത്തായ ഉത്സവം അദ്വിതീയം തന്നെ.
കുട്ടിക്കാലം മുതല്‍ക്കെ, ഞാന്‍ മഹാപ്രഭു ജഗന്നാഥന്റെ ഭക്തയായിരുന്നു. അദ്ദേഹത്തെ ഞാനെന്റെ ആരാധ്യദേവനായി കണക്കാക്കുന്നു. എന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം അദ്ദേഹം എന്നോടൊപ്പമുണ്ട്. എന്റെ ജീവിതത്തിലുടനീളം, കഷ്ടപ്പാടുകള്‍ നേരിട്ടപ്പോഴെല്ലാം, ഭഗവാന്‍ ജഗന്നാഥന്‍ എന്നെ കാത്തുരക്ഷിച്ചു. എന്റെ സുഖദുഃഖങ്ങളുടെ ഉറവിടം അദ്ദേഹമാണ്. അദ്ദേഹം എനിക്ക് ശക്തി പകര്‍ന്നു, എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്യാന്‍ സഹായിച്ചു. സര്‍വ്വോപരി ഞാന്‍ അവിടുത്തെ മകളല്ലേ.
ഭാരതത്തിന്റെ രാഷ്‌ട്രപതി പദത്തിലേക്കുള്ള എന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ഞാന്‍ ഭഗവാന്‍ ജഗന്നാഥനെ എളിമയോടെ സ്മരിക്കുകയും മാര്‍ഗനിര്‍ദേശത്തിനും പിന്തുണയ്‌ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ‘അങ്ങ് എന്നെ അത്യുന്നതങ്ങളിലേക്ക് ആനയിക്കുന്നു. ഓരോ ചുവടുവയ്‌പ്പിലും എന്നെ നയിക്കാന്‍ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.’ എന്റെ പ്രാര്‍ത്ഥന അദ്ദേഹം കേട്ടു. രഥയാത്ര നടക്കുമ്പോള്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനായി ദല്‍ഹിയില്‍ തുടരേണ്ടി വന്നതിനാല്‍ എനിക്ക് പുരി സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. രഥയാത്രാ ദിവസം അതിരാവിലെ, ഞാന്‍ ദല്‍ഹിയിലെ ഹൗസ് ഖാസിലെ ശ്രീ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചു, അവിടെ എനിക്ക് ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചു. എന്റെ ഹൃദയം സന്തോഷത്താല്‍ ആറാടി. അദ്ദേഹം എന്റെ മേല്‍ അനുഗ്രഹം ചൊരിഞ്ഞു. ആത്മവിശ്വാസത്തോടെ ഞാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വളരെ ആവേശത്തോടെയാണ് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത്. 2022 ജൂലൈ 25-ന് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് പോകുമ്പോള്‍ ഞാന്‍ മഹാപ്രഭു ജഗന്നാഥനോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ ചടങ്ങ് ഭംഗിയായി നടന്നു. രാഷ്‌ട്രപതി എന്ന നിലയിലുള്ള കന്നി അഭിസംബോധനാ സമയത്ത്, അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നതുപോലെ തോന്നി.
രാഷ്‌ട്രപതിയായി ചുമതലയേറ്റെങ്കിലും, പുരി സന്ദര്‍ശിക്കാനും ഭഗവാന്‍ ജഗന്നാഥന്റെ പവിത്ര ദര്‍ശനത്തിനും എന്റെ ഹൃദയം കൊതിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ കടന്നുപോയി, പക്ഷേ പുരി സന്ദര്‍ശിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒരു നിമിഷം എനിക്ക് തോന്നി; അവന്‍ അനുവദിക്കാത്തിടത്തോളം ആര്‍ക്കെങ്കിലും അവന്റെ ദര്‍ശനം ലഭിക്കുമോ! ഞാന്‍ നിശബ്ദമായി അവിടുത്തോട് പ്രാര്‍ത്ഥിച്ചു, ‘ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, എന്നോട് ക്ഷമിക്കൂ, മഹാപ്രഭു! കരുണയുണ്ടായി എന്നെ പുരിയിലേക്ക് വിളിക്കൂ, അങ്ങയുടെ ദര്‍ശനം നല്‍കൂ.’ ‘ഭാവ്’ അഥവാ വികാരങ്ങളുടെ മഹാപ്രഭുവാണ് അദ്ദേഹം. എന്റെ വികാരങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാകാതിരിക്കുമോ? താമസിയാതെ, 2022 നവംബര്‍ 10 ന് പുരിയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം നിശ്ചയിക്കപ്പെട്ടു. വാഹനവ്യൂഹം പ്രശസ്തമായ ഗ്രാന്‍ഡ് റോഡിലേക്ക് (ബഡാ ദണ്ഡ) പ്രവേശിച്ചപ്പോള്‍, ഞാന്‍ ഭക്തിയാല്‍ മതിമറന്നു. ശ്രീ ജഗന്നാഥന്റെ വീഥിയാണ് ബഡാ ദണ്ഡ. അവിടെ പ്രോട്ടോക്കോളുകള്‍ക്ക് എന്ത് പ്രസക്തി? കാര്‍ നിര്‍ത്താന്‍ ഞാനാവശ്യപ്പെട്ടു. മുഴുവന്‍ വാഹനവ്യൂഹവും നിശ്ചലമായപ്പോള്‍, മെല്ലെ പുറത്തിറങ്ങി. ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള ജഗന്നാഥ ക്ഷേത്രത്തിലേക്ക് നഗ്നപാദയായി നടക്കാനാരംഭിച്ചു. ക്ഷേത്രത്തിന്റെ പവിത്രമായ നീല്‍ ചക്രത്തിലും അതിന്റെ ശിഖരത്തിന് മുകളിലുള്ള പതിത് പവന്‍ പതാകയിലും ദൃഷ്ടിയുറപ്പിച്ച്, ആദരവോടെയും ദൃഢനിശ്ചയത്തോടെയും മുന്നോട്ട് നടന്നു.
ജഗന്നാഥ ക്ഷേത്രത്തിലേക്ക് നടക്കുമ്പോള്‍, ഗ്രാന്‍ഡ് റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയ കുട്ടികളെയും സ്ത്രീകളെയും യുവാക്കളെയും മുതിര്‍ന്നവരെയും ഞാന്‍ അഭിവാദ്യം ചെയ്തു, പക്ഷേ എന്റെ മനസ്സ് പൂര്‍ണ്ണമായും ഭഗവാന്‍ ജഗന്നാഥനില്‍ അര്‍പ്പിച്ചിരുന്നു. സിംഹ ദ്വാരത്തില്‍ (ലയണ്‍ ഗേറ്റില്‍) എത്തിയപ്പോള്‍, ഭക്തി എന്നെ കീഴടക്കി, മറ്റെല്ലാം മറന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഞാന്‍ പാവനമായ ഗ്രാന്‍ഡ് റോഡില്‍ സാഷ്ടാംഗം പ്രണമിച്ചു, ബഡാ ദണ്ഡയുടെ പൊടിയില്‍ വീണു കിടന്ന്, മഹാപ്രഭുവിന് എന്റെ എളിയ പ്രണാമം അര്‍പ്പിച്ചു. അനന്തരം ക്ഷേത്രത്തില്‍ പ്രവേശിച്ചു. ശ്രീകോവിലില്‍ (ഗര്‍ഭഗൃഹം) എത്തി നാലു ദേവതമാരുടെ പവിത്രമായ ദര്‍ശനം ലഭിച്ചതോടെ, ദിവ്യാനന്ദത്താല്‍ ഞാന്‍ മതിമറന്നു. പ്രപഞ്ചത്തിന്റെ സംരക്ഷകനായ മഹാപ്രഭുവിന്റെ ദര്‍ശനം. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരുടെ രക്ഷകനാണ് അദ്ദേഹം. ലോകരുടെ ദുഃഖങ്ങള്‍ ലഘൂകരിക്കാന്‍ അദ്ദേഹം സദാ ഒപ്പമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വൃത്താകാരമായ നയനങ്ങള്‍ ഒരിക്കലും ഇമവെട്ടാത്തത്. ധനികനെന്നോ ദരിദ്രനെന്നോ, ഉയര്‍ന്നവനെന്നോ താണവനെന്നോ ഉള്ള വേര്‍തിരിവ് അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ എല്ലാവരും സമന്മാരാണ്, സമത്വം അദ്ദേഹത്തിന്റെ മന്ത്രമാണ്. അദ്ദേഹത്തിന്റെ കാരുണ്യത്താല്‍ അനുഗൃഹീതയായ ഞാന്‍, സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും സേവനത്തിനായി സ്വയം സമര്‍പ്പിച്ചു. വൃത്താകാരമായ നയനങ്ങളുള്ള മഹാപ്രഭു ജഗന്നാഥനെ നോക്കി, ഭക്തിപൂര്‍വ്വം കൈകള്‍ കൂപ്പി ഞാന്‍ പ്രാര്‍ത്ഥിച്ചു, ‘ജനസേവനത്തിനായുള്ള എന്റെ സമര്‍പ്പണ മനോഭാവം അങ്ങയുടെ അനുഗ്രഹത്താല്‍ ശാശ്വതമായി നിലനില്‍ക്കട്ടെ, ഹേ മഹാബാഹോ! ഹേ കൃപാനിധേ, സമ്പൂര്‍ണ ജഗത്തെയും നമ്മുടെ രാജ്യത്തെയും ദയാപൂര്‍വ്വം കാത്തുകൊള്ളേണമേ. ഹൃദയംഗമമായ ഈ പ്രാര്‍ത്ഥനയോടെ, ഞാന്‍ അവാച്യമായ ഭക്തിയില്‍ മുഴുകി.















