ഇടുക്കി: അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തറയില്‍ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരെയാണ് മകന്‍ അജീഷ് (26) കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെ ആണ് വിവരം പുറത്തറിയുന്നത്.
വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് ഇരട്ടക്കൊലപാതകം നടന്നത്. മാതാപിതാക്കളുമായി വഴക്കിട്ട അജീഷ് പ്രകോപിതനായാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ബന്ധു ദൃശ്യങ്ങൾ ഇടവക വികാരിക്ക് കൈമാറുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ അജീഷ് കത്തിയുമായി അക്രമാസക്തനായി വീടിന് സമീപം നിൽക്കുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് വീടിനുള്ളിൽ പ്രവേശിച്ചത്.
ദമ്പതികളുടെ ശരീരത്തിൽ വെട്ടും കുത്തുമേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. ആന്തരികാവയവങ്ങൾ പുറത്തുവന്നിരുന്നു. അജീഷിന്റെ കൈയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി.
അജീഷ് സ്ഥിരമായി മദ്യപിച്ചിരുന്നയാളാണെന്നും മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാളെ ഡീഅഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങൾ ഇൻക്വസ്റ്റ്. നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി അയക്കും. വീട് പൊലീസ് സീൽ ചെയ്ത് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അജീഷിന്റെ സഹോദരൻ വിദേശത്താണ്.
















