ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയുടെ വിദേശനയത്തെയും കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ നിശിതമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഇടുങ്ങിയ ചിന്താഗതിയുള്ളതും അപലപനീയവുമാണ് . ഇത് തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നു എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. “ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ ഒരു പരാമർശം നടത്താൻ കഴിയുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല,” രാജ്‌നാഥ് സിംഗ് പറഞ്ഞു.
തന്റെ നീണ്ട രാഷ്‌ട്രീയ ജീവിതത്തിൽ, ഒരു ലോക്‌സഭയിലെയും പ്രതിപക്ഷ നേതാവിൽ നിന്ന് ഇത്രയും മോശവും സങ്കൽപ്പിക്കാൻ പോലും കഴിയാത്തതുമായ പെരുമാറ്റം താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജനാധിപത്യത്തിന് അത്തരം പെരുമാറ്റം ഗുരുതരമായ ഭീഷണി ഉയർത്തുന്നു.
പ്രധാനമന്ത്രിയുടെ നിലപാടിൽ രാഹുൽ ഗാന്ധി നിരാശനായിരിക്കാം, പക്ഷേ അത്തരം അവഹേളനപരമായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. പ്രത്യേകിച്ച് ദേശീയമായും അന്തർദേശീയമായും ഇന്ത്യയുടെ പ്രശസ്തി വർദ്ധിപ്പിച്ചതും വികസിത ഇന്ത്യയ്‌ക്ക് വഴിയൊരുക്കിയതുമായ ഒരു പ്രധാനമന്ത്രിക്കെതിരെയാണ് രാഹുലിന്റെ പ്രസ്താവന.
പ്രധാനമന്ത്രി മോദി 12 വർഷം കഠിനാധ്വാനം ചെയ്തു . ഒരു അവധി പോലും എടുത്തിട്ടില്ല . ഇത്തരമൊരു പ്രധാനമന്ത്രിക്കെതിരെയുള്ള ഇത്തരം അധിക്ഷേപകരമായ പരാമർശങ്ങൾ ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്നു. ഇത്തരം ഭാഷയും പെരുമാറ്റവും ഉപയോഗിച്ച്, ലാൽ-ബാൽ-പാലിന്റെയും ഗാന്ധിയുടെയും, പട്ടേലിന്റെയും നെഹ്‌റുവിന്റെയും, സുഭാഷ് ബാബുവിന്റെയും രാജേന്ദ്ര ബാബുവിന്റെയും ശാസ്ത്രിയുടെയും, നരസിംഹറാവിന്റെയും , പ്രണബ് മുഖർജിയുടെ പാരമ്പര്യം അവകാശപ്പെടാൻ ഒരാൾക്ക് കഴിയുമോയെന്നും രാജ്നാഥ് സിംഗ് ചോദിച്ചു.
കോൺഗ്രസ് പാർട്ടിയുടെ കുടുംബവാഴ്ച നേതൃത്വം വീണ്ടും മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പറഞ്ഞു. സൗഹൃദ രാജ്യത്ത് നിന്നുള്ള ഒരു വനിതാ രാഷ്‌ട്രത്തലവനെക്കുറിച്ച് അവർ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി . വേദിയിലും സദസ്സിലുമുള്ള സ്ത്രീകൾ പോലും ഇത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നുവെന്ന് ഹിമന്ത ശർമ്മ പറഞ്ഞു.















