കൊച്ചി: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങാത്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കം മൂലം ട്രിപ് മുടങ്ങി. തര്‍ക്കത്തിന് പിന്നാലെ കണ്ടക്ടര്‍ ബസില്‍നിന്ന് ഇറങ്ങിപ്പോയി.
മൂവാറ്റുപുഴ ഡിപ്പോയില്‍നിന്ന് വ്യാഴാഴ്ച ഉച്ചയ്‌ക്ക് കൂത്താട്ടുകുളം സ്റ്റാന്‍ഡിലെത്തിയ പ്രിയദര്‍ശിനി ബസിലാണ് തര്‍ക്കമുണ്ടായത്.വായില്‍ കടിച്ചു പിടിച്ച ടിക്കറ്റ് വാങ്ങാത്തതും തര്‍ക്കവും ബസില്‍ നിന്നിറങ്ങിപ്പോയ വനിതാ കണ്ടക്ടര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറുടെ മുന്നില്‍ എത്തി വിശദീകരിച്ചു.
കൂത്താട്ടുകുളം പൊലീസിലും വിവരമറിയിച്ച കണ്ടക്ടര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടെ പൊലീസ് സംഘം സ്റ്റാന്‍ഡിലെത്തി അന്വേഷണം നടത്തി.പിന്നാലെ ആശുപത്രിയില്‍ നിന്ന് കൂത്താട്ടുകുളം സ്റ്റാന്‍ഡില്‍ തിരിച്ചെത്തിയ വനിതാ കണ്ടക്ടര്‍, മാനസിക സമ്മര്‍ദം മൂലം ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്ന് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ രോഹിണിയെ അറിയിച്ചു.
ആശുപത്രിയില്‍ നിന്നുള്ള ഒ പി ടിക്കറ്റും അപേക്ഷയും ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറിയ ശേഷം മടങ്ങി. മൂവാറ്റുപുഴ ഡിപ്പോയില്‍ വിവരമറിയിച്ചെങ്കിലും പകരം കണ്ടക്ടറെ ലഭിച്ചില്ല. ഇതോടെ ബസ് യാത്ര മുടങ്ങി.
















