കോട്ടയം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി മൂന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍. ഏറെക്കാലം പനങ്ങാട് താമസിച്ചിരുന്ന ജെയിംസുകുട്ടി കുര്യാക്കോസ് (64) ആണ് അറസ്റ്റിലായത്. കേരളത്തില്‍ 14 പൊലീസ് സ്‌റ്റേഷനുകളില്‍ വഞ്ചനാകേസുള്ള ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ബിഎസ്എഫിന്‌റെയും എമിഗ്രേഷന്‍ വിഭാഗത്തിന്റെയും സഹായത്തോടെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കാനഡയില്‍ നഴ്‌സിംഗ് ജോലി അടക്കം വാങ്ങിനല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഇയാള്‍ ആളുകളില്‍ നിന്ന് പണം തട്ടുകയായിരുന്നെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. വഞ്ചിക്കപ്പെട്ടവര്‍ പരാതി നല്‍കിയതോടെ ഇയാള്‍ മുങ്ങി.
പത്തനംതിട്ട, കൂത്താട്ടുകുളം, പേരാമംഗലം, എടത്വ, കരുനാഗപ്പള്ളി, മരങ്ങാട്ടുപള്ളി, വൈക്കം, ഫോര്‍ട്ട് കൊച്ചി, അങ്കമാലി, ചങ്ങനാശ്ശേരി, എലത്തൂര്‍, തൊടുപുഴ, പള്ളിക്കത്തോട് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെ സമാനമായ കേസുകളുളളത്.
















