തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ തൊഴിൽ പദ്ധതികളിലൊന്നായ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി കെ-ഡിസ്കും കുടുംബശ്രീയും തമ്മിലുള്ള പങ്കാളിത്തം പൂർണ്ണമായും അവസാനിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന കമ്മ്യൂണിറ്റി അംബാസഡർമാർ, ജില്ലാതല പ്രോഗ്രാം മാനേജർമാർ എന്നിവരുടെ സേവനം നിർത്തിവെക്കാൻ ഉത്തരവിൽ വ്യക്തമാക്കുന്നു. ഓരോ വീടുകളിലെയും തൊഴിൽ രഹിതരുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ അടക്കമുള്ള ഫീൽഡ് സർവേകൾ നടത്തി അവർക്കാവശ്യമുള്ള സഹായങ്ങൾ നൽകുന്നതായിരുന്നു പദ്ധതി. എന്നാൽ, ഈ സംവിധാനത്തിൽ ഇനിമുതൽ കുടുംബശ്രീ ആവശ്യമില്ലെന്ന നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നത്.
ആഗസ്റ്റ് 31 മുതൽ കുടുംബശ്രീയുടെ സേവനം ഈ പദ്ധതിയിൽ ഇനി ലഭ്യമാകില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഘടനാപരമായ ഈ പൊളിച്ചെഴുത്തെന്നാണ് സൂചന.
















