ന്യൂദല്‍ഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഭാരതത്തില്‍ അഭയം പ്രാപിച്ച ഷെയ്‌ക് ഹസീനയെ കൈമാറണമെന്ന ആവശ്യം ആവർത്തിച്ച് ബംഗ്ലാദേശ്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഭാരതത്തോട് ആവശ്യപ്പെട്ടു. ഭാരത ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദിയുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്.
ഓഗസ്റ്റ് 5-ന് ഷെയ്ഖ് ഹസീന നടത്തിയ പത്രസമ്മേളനത്തില്‍ താരിഖ് റഹ്മാന്റെ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. ഹസീനയുടെ പ്രസ്താവനയില്‍ ബംഗ്ലാദേശ് സർക്കാർ ശക്തമായ അമർഷവും പ്രതിഷേധവും അറിയിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ ഭാരത സർക്കാരിന് യാതൊരു പങ്കുമില്ലെന്നും, ബംഗ്ലാദേശ് സർക്കാരിനെതിരെ ഉയർന്ന അഭിപ്രായങ്ങളെ ഭാരതം പിന്തുണയ്‌ക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി താരീഖ് റഹ്മാൻ പറഞ്ഞു. ജനകേന്ദ്രീകൃതമായ സമീപനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ദൃഢമാക്കാനാണ് ഭാരതം ആഗ്രഹിക്കുന്നതെന്ന് ദിനേശ് ത്രിവേദിയും വ്യക്തമാക്കി. അടുത്ത മാസം ഭാരതത്തില്‍
നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി താരീഖ് റഹ്മാന് ഇന്ത്യയുടെ ക്ഷണമുണ്ട്. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഭാരതം നല്‍കിയ ഉറപ്പുകളില്‍ ആശ്വാസമുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
















