India

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അലഹബാദ് : വിവാഹം കഴിഞ്ഞ് ഒരു സ്ത്രീ അസ്വാഭാവികമായി മരിച്ചാല്‍ അതിനെ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണമായി കണക്കാക്കാന്‍ ഭര്‍ത്താവിനോ അയാളുടെ ബന്ധുക്കള്‍ക്കോ നേരിട്ട് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവനുഭവിക്കുന്ന സന്ദീപ് സിങ് ഹോറ നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന. 2010ല്‍ ലഖ്നൗവിലെ താല്‍ക്കത്തോറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭാര്യ മരണപ്പെട്ട കേസില്‍ വിചാരണക്കോടതി ഹോറയ്‌ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷം ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തനിക്കെതിരേയുള്ള സ്ത്രീധന പീഡനാരോപണത്തിന് തെളിവില്ലെന്നും ഇയാള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭര്‍തൃവീട്ടില്‍വെച്ചാണ് യുവതി അസ്വാഭാവികമായി മരണപ്പെട്ടത് സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പീഡനങ്ങള്‍ നടന്നതായി വിചാരണ വേളയില്‍ തെളിഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

പ്രതികള്‍ക്ക് മരണവുമായി നേരിട്ട് ബന്ധമുണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവുകള്‍ ഇല്ലെങ്കിലും അത് കേസിനെ ദുര്‍ബലപ്പെടുത്തില്ല. ഐപിസി 304 വകുപ്പ് പ്രകാരം സ്ത്രീധന മരണമായി കണക്കാക്കുമെന്നും ജസ്റ്റിസ് അബ്ദുള്‍ മൊയിന്‍, ജസ്റ്റിസ് പ്രമോദ് കുമാര്‍ ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം പ്രതിക്ക് ജീവപര്യന്തം തടവ് നല്‍കേണ്ട അപൂര്‍വ കേസുകളുടെ ഗണത്തില്‍ ഈ കേസ് പെടുന്നില്ലെന്ന് പറഞ്ഞ കോടതി, ഹോറയുടെ ജീവപര്യന്തം തടവ് ശിക്ഷ 10 വര്‍ഷമായി കുറക്കുകയും ചെയ്തു. പ്രതി ഇതിനോടകം ആറ് വര്‍ഷവും നാലുമാസത്തിലധികവും തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് മോശം റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നതും പരിഗണിച്ചാണ് കോടതി ശിക്ഷയില്‍ ഇളവ് വരുത്തിയത്.

Recent Posts