അലഹബാദ് : ശൈശവ വിവാഹ നിരോധന നിയമത്തെ മുസ്ലീം വ്യക്തിനിയമം വഴി മറികടക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കേരള ഹൈക്കോടതിയുടെ മുന്‍ വീക്ഷണത്തോട് ജസ്റ്റിസുമാരായ ജെജെ മുനീര്‍, അചല്‍ സച്ച്ദേവ് എന്നിവരടങ്ങിയ ബെഞ്ച് യോജിപ്പ് പ്രകടിപ്പിച്ചു. പിന്തുടരുന്ന മതം പരിഗണിക്കാതെ എല്ലാവര്‍ക്കും ശൈശവ വിവാഹം നിയമപ്രകാരം വിലക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിരീക്ഷണം.
ശരിയത്ത് നിയമം ശൈശവ വിവാഹ നിരോധനത്തെയും പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധത്തെ നിരോധിക്കുന്ന നിയമങ്ങളെയും വ്യക്തമായി ലംഘിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മുസ്ലീം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് (പൊതുവെ 15 വയസ്സ് തികയുന്ന പെണ്‍കുട്ടി) വിവാഹം കഴിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കോടതി ഈ വാദം തള്ളി.
16കാരിയായ മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞ പോലീസിന്റെയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരുടെയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് 19 പേര്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്.
















