തിരുവനന്തപുരം:ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സി, ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെ പഴിച്ച് രംഗത്ത്.നിയമനങ്ങള്‍ നടന്നത് സുതാര്യമായെന്നാണ് പി എസ് സിയുടെ അവകാശവാദം.
കോടതി തീര്‍പ്പാക്കിയ പരാതികളില്‍ വീണ്ടും ആക്ഷേപമുന്നയിക്കുന്നു.പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ക്രൈം ബ്രാഞ്ച്, എഫ്.ഐ.ആര്‍ ഇട്ട് തുടര്‍ അന്വേഷണം നടത്തി വരികയാണെന്നും പ്രസ്താവനയില്‍ അറിയിച്ചു.
മൂല്യനിര്‍ണയത്തിലുണ്ടായ പിഴവ് വാര്‍ത്തയായതിനെ തുടര്‍ന്ന്,ഇതിനകം സെലക്ഷന്‍ പൂര്‍ത്തിയായി കാലാവധി കഴിഞ്ഞ് റാങ്ക് പട്ടിക തന്നെ റദ്ദായ തസ്തികകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരാതികള്‍ തുടര്‍ച്ചയായി ഉന്നയിക്കപ്പെടുകയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നു.നിലവില്‍ ഉയര്‍ന്നിട്ടുള്ള പല പരാതികളും തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളതും ക്രമപ്രകാരം പരിശോധിച്ച് നിജസ്ഥിതി പരാതിക്കാരെ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. കമ്മീഷന്റെ നിലപാട് ശരിവച്ച് കോടതി തന്നെ തീര്‍പ്പാക്കിയ പരാതികള്‍ പോലും കമ്മീഷനെതിരെയുള്ള പുതിയ ആക്ഷേപമായി അവതരിപ്പിക്കുന്നത് കമ്മിഷന്റെ യശസിനെ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമായാണ് വിലയിരുത്തേണ്ടതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിന് നിയമനം നല്‍കിയ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പി എസ് സിയിലെ തട്ടിപ്പ് സംബന്ധിച്ച് പരാതികളുടെ ഒഴുക്കായിരുന്നു.
















