Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊളംബോ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-2027 ഫൈനലിലെത്തല്‍ ഭാരതത്തിന് കടുകട്ടിയായിരിക്കും. അടുത്ത ബുധനാഴ്‌ച്ച ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റുകളടക്കം ഒമ്പത് മാത്സരങ്ങള്‍ മാത്രമാണുള്ളത്. ഇതില്‍ എട്ടെണ്ണമെങ്കിലും വിജയിച്ചാലേ ഫൈനല്‍ പ്രവേശത്തിന് സാധ്യതയുള്ളൂ. ശ്രീലങ്കയിലെ രണ്ടെണ്ണം ഉള്‍പ്പെടെ നാല് ടെസ്റ്റുകള്‍ വിദേശ മണ്ണിലാണ്. ബാക്കിയുള്ള അഞ്ചെണ്ണം നാട്ടില്‍ നടക്കുമെങ്കിലും എല്ലാം ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയാണ്.

അടുത്ത വര്‍ഷം ജൂണ്‍ 13ന് ഇംഗ്ലണ്ടിലെ ഓവലില്‍ ആണ് ഫൈനല്‍. ഇതുവരെ നടന്ന മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യത്തെ രണ്ടിലും ഭാരതം ഫൈനലിസ്റ്റുകളായിരുന്നു. കഴിഞ്ഞ തവണ പോയിന്റ് ശതമാനക്കണക്കില്‍ മൂന്നാം സ്ഥാനത്തായിപോയതിനാല്‍ ഫൈനലിലെത്താന്‍ സാധിച്ചില്ല. 2021ല്‍ ന്യൂസിലന്‍ഡും, 2023ല്‍ ഓസ്‌ട്രേലിയയും ഭാരതത്തെ തോല്‍പ്പിച്ച് ജേതാക്കളായി. 2025ല്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയാണ് നിലവിലെ ജേതാക്കള്‍.

ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇതുവരെയുള്ള പോയിന്റ് ശതമാനകണക്കില്‍ ഭാരതം അഞ്ചാം സ്ഥാനത്താണ്. 48.15 ശതമാനം പോയിന്റുമായാണ് ഭാരതം അഞ്ചാമത് തുടരുന്നത്. ബംഗ്ലാദേശ് പോലും ഭാരതത്തിന് മുന്നിലാണ്. 58.33 ശതമാനം പോയിന്റ് ശതമാനത്തോടെ ബംഗ്ലാദേശ് നാലാം സ്ഥാനത്താണുള്ളത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം ഓസ്‌ട്രേലിയ(87.50), ദക്ഷിണാഫ്രിക്ക(75.00), ന്യൂസിലന്‍ഡ്(72.22) ടീമുകളാണുള്ളത്. ശ്രീലങ്ക(41.67), ഇംഗ്ലണ്ട്(24.36), വെസ്റ്റ് ഇന്‍ഡീസ്(22.73), പാകിസ്ഥാന്‍(6.67) എന്നിവയാണ് ഭാരതത്തിന് പിന്നല്‍ നില്‍ക്കുന്ന നാല് ടീമുകള്‍. ശ്രീലങ്കയ്‌ക്കെതിരെ അടുത്ത ബുധനാഴ്‌ച്ച ഗാലെയിലാണ് ഭാരതത്തിന്റെ ആദ് ടെസ്റ്റ്. രണ്ടാം ടെസ്റ്റ് വരുന്ന 23ന് കൊളംബോയിലും. ഇതിന് ശേഷം ഭാരതത്തിന്റെ അടുത്ത ടെസ്റ്റ് പരമ്പര ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടിലാണ്. രണ്ട് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2009 മുതല്‍ ഭാരതം ന്യൂസിലന്‍ഡില്‍ ഇതേവരെ ഒരു ടെസ്റ്റ് മത്സരം പോലും വിജയിച്ചിട്ടില്ല. മാത്രമല്ല ടെസ്റ്റില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്ന ഭാരതം വലിയ തിരിച്ചടികള്‍ നേരിട്ട് തുടങ്ങിയത് ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലൂടെയാണ്. 2024ല്‍ നടന്ന ആ മൂന്ന് മത്സര പരമ്പരയില്‍ ഭാരതം എല്ലാം പരാജയപ്പെട്ടത് ലോക ക്രിക്കറ്റ് വലിയ ഞെട്ടലോടെയാണ് കണ്ടത്. അതിന് ശേഷം ടെസ്റ്റ് മത്സരങ്ങളില്‍ വലിയ തിരിച്ചടി നേരിട്ട ഭാരതം ഓസ്‌ട്രേിലയയില്‍ നടന്ന കഴിഞ്ഞ തവണത്തെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 1-3ന് അടിയറവച്ചിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ജനുവരിയിലുമായാണ് ഓസ്‌ട്രേലിയ ഭാരതത്തിലെത്തുന്നത്. അഞ്ച് മത്സര ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ നിലവിലെ സാഹചര്യത്തില്‍ ഭാരതം ഓസ്‌ട്രേലിയക്കെതിരെ പരമ്പര പിടിക്കുന്നതടക്കം വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.

സാധ്യതകള്‍
ഇനിയുള്ള ഒമ്പതില്‍ എല്ലാം ജയിച്ചെങ്കില്‍ മാത്രമേ ഭാരതത്തിന്റെ ഫൈനല്‍ സാധ്യത ഉറപ്പ് പറയാനാകൂ. എട്ടെണ്ണം ജയിച്ചാല്‍ പോലും പോയിന്റ് ശതമാനം 60ന് മുകളിലേ എത്തുകയുള്ളൂ. ഇങ്ങനെ വന്നാല്‍ പോലും നിലവില്‍ മുന്നിലുള്ള ടീമുകളുടെ വരും ടെസ്റ്റുകളുടെ ഗതി അനുസരിച്ചേ ഭാരതത്തിന്റെ സാധ്യതകള്‍ ഉറപ്പിക്കാനാകൂ. ഭാരതത്തിന്റെ ജയം ആറോ ഏഴോ ആയി ചുരുങ്ങിയാല്‍ തിര്‍ച്ചയായും മുന്നിലുള്ള ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇനി നടക്കാനിരിക്കുന്ന ടെസ്റ്റുകളില്‍ തോല്‍ക്കേണ്ടിവരും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നില

സ്ഥാനം. ടീം (പോയിന്റ് ശതമാനം)
1. ഓസ്‌ട്രേലിയ (87.50)
2. ദക്ഷിണാഫ്രിക്ക (75.00)
3. ന്യൂസിലന്‍ഡ് (72.22)
4. ബംഗ്ലാദേശ് (58.33)
5. ഭാരതം (48.15)
6. ശ്രീലങ്ക (41.67)
7. ഇംഗ്ലണ്ട് (24.36)
8. വെസ്റ്റ് ഇന്‍ഡീസ് (22.73)
9. പാകിസ്ഥാന്‍ (6.67)

Recent Posts