ഗുഡ്ഗാവ്: ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. സിക്കോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ സന്ധ്യ(26)യാണ് കൊല്ലപ്പെട്ടത്. പ്രതി കോട്ട് വില്ലേജ് സ്വദേശി അമിത്തിനെ (21) മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
രണ്ട് വർഷത്തോളമായി സന്ധ്യയുടെ പിന്നാലെ നടന്ന് അമിത് നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവിന്റെ പേര് പറഞ്ഞ് കബളിപ്പിച്ച് വിദ്യാലയത്തിന്റെ കവാടത്തിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇയാൾ സന്ധ്യയെ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുപതിലധികം തവണ കുത്തിയതായാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
കുറച്ചുനാളുകൾക്ക് മുമ്പ് അമിത്തുമായി സംസാരിക്കുന്നത് സന്ധ്യ പൂർണമായും നിർത്തിയിരുന്നു. ഇനിയും ശല്യപ്പെടുത്തിയാൽ പോലീസിൽ പരാതി നൽകുമെന്നും മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെയാണ് ഇയാൾ സ്‌കൂളിലെത്തി സന്ധ്യയെ വകവരുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ മുഖം തുണികൊണ്ട് ഭാഗികമായി മറച്ചാണ് അമിത് സ്‌കൂളിലെത്തിയത്.
ജീവനക്കാരോട് സന്ധ്യയെ കാണാൻ ‘വിക്കി’ വന്നിട്ടുണ്ടെന്നു(സന്ധ്യയുടെ ഭർത്താവ് വികാസ്) പറഞ്ഞ് അധ്യാപികയെ ക്ലാസിൽനിന്നു പുറത്തെത്തിച്ചു. ക്ലാസിൽനിന്ന് ഇറങ്ങിയ ഉടൻ ഉടൻ സന്ധ്യയെ അമിത് ബലംപ്രയോഗിച്ച് പുറത്തെ ഇടനാഴിയിലേക്ക് വലിച്ചിഴയ്‌ക്കുന്നതും കത്തികൊണ്ട് തുടരെ കുത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്‌കൂൾ അധികൃതരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽവെച്ചാണ് ഈ ആക്രമണം നടന്നത്. കത്തി വളയുന്നതുവരെ അധ്യാപികയെ കുത്തിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സഹായത്തിനായി നിലവിളിച്ച സന്ധ്യയെ അയാൾ മർദ്ദിച്ചു. കഴുത്തിലും വയറിലും കുത്തിയ അമിത്, സന്ധ്യ നിലത്തു വീണിട്ടും ആക്രമണം തുടർന്നു.
സന്ധ്യയുടെ നിലവിളി കേട്ട് സ്‌കൂൾ പ്രിൻസിപ്പൽ തേജ്പാൽ ഇടനാഴിയിലേക്ക് ഓടിയെത്തിയെങ്കിലും, പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സന്ധ്യ മരിച്ചിരുന്നു. ‘സ്‌കൂളിനുള്ളിൽ വിദ്യാർത്ഥികളുണ്ടായിരുന്നു, സന്ധ്യ ക്ലാസ്സെടുക്കുകയായിരുന്നു. ഭർത്താവിന്റെ പേര് പറഞ്ഞാണ് അയാൾ അവളെ പുറത്തേക്ക് വിളിച്ചത്. ഉടനെ അയാൾ അവളെ ആക്രമിച്ചു. 20 തവണയിലധികം അയാൾ അവളെ കുത്തി. ഞാൻ തടയാൻ ശ്രമിച്ചപ്പോൾ എന്നെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞങ്ങൾ അവളെ അൽ-ഫല മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോൾ മരണം സ്ഥിരീകരിച്ചു.’ പ്രിൻസിപ്പൽ പറഞ്ഞു.
13 സെക്കൻഡിനുള്ളിൽ 20 തവണയോളം പ്രതി സന്ധ്യയെ കുത്തിയതായാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ പരിക്കുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ. വിദ്യാലയത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ അക്രമത്തിന്റെ ദൃശ്യങ്ങളിൽനിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു.
ആന്റി വെഹിക്കിൾ തെഫ്റ്റ് സ്‌ക്വാഡും സിക്കോണ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും ചേർന്ന് രണ്ട് മണിക്കൂറിനുള്ളിൽ അമിത്തിനെ കണ്ടെത്തിയതായി പോലീസ് വക്താവ് യശ്പാൽ യാദവ് അറിയിച്ചു. ‘ചോദ്യം ചെയ്യലിൽ, സന്ധ്യ പഠിപ്പിച്ചിരുന്ന തന്റെ ഗ്രാമത്തിലെ സ്‌കൂളിൽവെച്ചാണ് അവളെ പരിചയം എന്നാണ് പ്രതി പറഞ്ഞത്. പിന്നീട് അവൾ സംസാരിക്കുന്നത് നിർത്തുകയും പുറകെ നടന്ന് ശല്യം ചെയ്യുന്നത് തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു എന്നും പ്രതി പറഞ്ഞു.’ യാദവ് പറഞ്ഞു.
















