കൊല്‍ക്കത്ത: നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ് പദ്ധതിയിലെ അഞ്ചാമത്തെ കപ്പലായ ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി. കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ ഭാര്യ കമല്‍ സിങ്ങാണ് കപ്പല്‍ നീറ്റിലിറക്കിയത്.
കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡാണ് ഈ അത്യാധുനിക കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്.
നാവികസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗതയും സുരക്ഷയും നല്‍കുന്ന രീതിയിലാണ് രൂപകല്പന. കടലിലെ ഡൈവിങ് ഓപ്പറേഷനുകള്‍, വെള്ളത്തിനടിയിലെ പരിശോധനകള്‍, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് ഈ കപ്പല്‍ വലിയ മുതല്‍ക്കൂട്ടാകും.
കപ്പലിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന പ്രധാന യന്ത്രഭാഗങ്ങളിലും ഉപകരണങ്ങളിലും 70 ശതമാനവും ഭാരതത്തില്‍ തന്നെ നിര്‍മിച്ചവയാണ് എന്നത് അഭിമാനകരമായ നേട്ടമാണ്.
















