India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ മന്ത്രിസഭയുടെ വികസനം പൂര്‍ത്തിയായതിന് പിന്നാലെ കോണ്‍ഗ്രസില്‍ തമ്മിലടി. പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് തെരുവില്‍ തമ്മില്‍ത്തല്ലി. അര്‍ഹതയുള്ളവരെ തഴഞ്ഞ് ഡി.കെ. പക്ഷത്തെ പ്രബലരെ മാത്രം പരിഗണിച്ചെന്നാണ് പരാതി ഉയരുന്നത്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എമാരായ യശ്വന്ത്‌രായ ഗൗഡ പാട്ടീലും സംഗമേഷും സ്ഥാനം രാജി പ്രഖ്യാപിച്ചു. മുതിര്‍ന്ന അംഗം ടി.ബി. ജയചന്ദ്രയും ഉടന്‍ രാജിവച്ചേക്കും.

എംഎല്‍എമാരുടെ അനുയായികള്‍ മാണ്ഡ്യ, കൊപ്പാള്‍ ജില്ലകളില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ശിവകുമാര്‍ മന്ത്രിസഭയിലേക്ക് 20 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ശിവകുമാര്‍ ഉള്‍പ്പെടെ 13 പേര്‍ കഴിഞ്ഞ മാസം സത്യപ്രതിജ്ഞ ചെയ്തിരുന്നു.

പുനസംഘടനയില്‍ ഉള്‍പ്പെട്ട 20 പേരില്‍ 12 പേര്‍ ആദ്യമായി മന്ത്രിസഭയില്‍ എത്തുന്നവരാണ്. ഗായത്രി ശാന്തേഗൗഡയാണ് ഏക വനിതാ പ്രതിനിധി. മലയാളിയായ എന്‍.എ. ഹാരിസും കഴിഞ്ഞ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായ ദിനേഷ് ഗുണ്ടുറാവുവും പുറത്തായി. സമീര്‍ അഹമ്മദ് ഖാന്‍ മന്ത്രി സ്ഥാനം നിലനിര്‍ത്തി.

പുതിയ സ്പീക്കറായി ജി.എസ്. പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എസ്. പൊന്നണ്ണയെയും നിശ്ചയിച്ചിട്ടുണ്ട്.