കരുനാഗപ്പള്ളി: ലഹരിക്കെതിരെ ശക്തമായ പോരാട്ടം സമൂഹത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് മാതാ അമൃതാനന്ദമയി ദേവി. ലഹരിക്കെതിരായ പോരാട്ടത്തില്‍ പുതിയ പോര്‍മുഖം തുറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്ന ‘വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം’ എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
ലഹരി ഉപയോഗം ഉപരിപ്ലവമായ പ്രശ്‌നമല്ല, അത് വളരെ ആഴങ്ങളിലേക്ക് പോയിട്ടുണ്ട്. ഒരു വ്യക്തി നശിച്ചാല്‍ നശിക്കുന്നത് ഒരു സമൂഹമാണ്. മൂല്യങ്ങളാണ് എന്ന ചിന്തയില്‍ ലഹരിക്കെതിരെ ശക്തമായ അവബോധം സൃഷ്ടിക്കണമെന്നും അമ്മ പറഞ്ഞു. കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയില്‍ മാതാ അമൃതാനന്ദമയി മഠവും മഠത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി 500 കേന്ദ്രങ്ങളിലൂടെ ലക്ഷക്കണക്കിന് പേരാണ് ഈ പദ്ധതിയുടെ ഭാഗമാകുന്നത്.
യുവജനങ്ങളാണ് സാമൂഹിക മാറ്റത്തിനുള്ള ഏറ്റവും വലിയ ശക്തിയെന്ന അമ്മയുടെ വീക്ഷണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 2014ല്‍ അമൃത വിശ്വ വിദ്യാപീഠത്തിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആക്‌സസിബിള്‍ ടെക്‌നോളജീസ് ഫോര്‍ എഡ്യൂക്കേഷന്‍ തുടക്കമിട്ട അമൃത അവെയര്‍നസ് അംബാസിഡേഴ്‌സ് പദ്ധതിയിലൂടെ, ലഹരി ഉപയോഗ പ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി, മൊബൈല്‍-ഇന്റര്‍നെറ്റ് ഉപയോഗത്തിലെ സുരക്ഷിതത്വം എന്നിവയെക്കുറിച്ച് യുവാക്കളെയും സമൂഹത്തെയും ബോധവല്‍ക്കരിക്കാന്‍ കൗമാരക്കാരെ പ്രാപ്തരാക്കുന്നുണ്ട്.
അമൃതപുരിയില്‍ നടന്ന പരിപാടിയില്‍ അമ്മയും മുതിര്‍ന്ന സംന്യാസി-സംന്യാസിനിമാരും ബ്രഹ്‌മചാരി- ബ്രഹ്‌മചാരിണിമാരും ആശ്രമ അന്തേവാസികളും വിദ്യാര്‍ത്ഥികളും അണിചേര്‍ന്നു. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കുഴിത്തറ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബും ശ്രദ്ധേയമായി.
















