കൽപ്പറ്റ: വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ നിർദേശം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, വയനാട് ജില്ലയിൽ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം. താമരശ്ശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
വയനാട് തരിയോട് കമ്പനിക്കുന്ന് പൊയിൽ, തയ്യിൽ ഉന്നതികളിൽ വെള്ളം കയറി. ഇവിടെയുള്ള ആളുകളെ മാറ്റിപാർപ്പിക്കുകയാണ്. കാവുമന്ദം പുഴയിൽ ചെകുത്താൻ തോട്ടിൽ ജലനിരപ്പ് ഉയരുന്നു. തരിയോട് ജിഎല്‍പി സ്കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
റസിഡൻഷ്യൽ സ്‌കൂളുകൾക്കും, റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും 01.08.2026 ന് ശേഷം പുതിയ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണെന്നും കളക്ടർ അറിയിച്ചു.
















