
തൃശൂര്‍: വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് അദ്ധ്യാപകന്‍ ആവര്‍ത്തിച്ച് ചൂരലിന് അടിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാംക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ അടിക്കുന്ന ദൃശ്യം പിന്നിലിരുന്ന സഹപാഠികളാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
ദൃശ്യം വൈറലായതോടെ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന നിലപാടിലാണ് അടി കൊണ്ട കുട്ടിയുടെ കുടുംബം. സാമൂഹിക ശാസ്ത്രം അദ്ധ്യാപകനായ മണികണ്ഠനാണ് ഒമ്പതാം ക്ലാസുകാരനെ തല്ലിയത്.
പേനയുടെ അടപ്പ് തെറിച്ചുപോയപ്പോള്‍ അത് എവിടെയെന്ന് എത്തി നോക്കിയതിനാണ് തല്ലിയതെന്നാണ് ആരോപണം. നിസാര കാര്യങ്ങള്‍ക്കു പോലും തല്ലാറുള്ള മണികണ്ഠന്‌റെ പ്രവൃത്തി പുറം ലോകത്തെ അറിയിക്കാന്‍ ഉദ്യേശിച്ചുതന്നെയാണ് ഫോണുമായി സ്‌കൂളിലെത്തിയതെന്ന് സഹപാഠികള്‍ പറയുന്നു.