തിരുവനന്തപുരം: ശ്രീരാമന്റെ വനവാസ ജീവിതത്തിന്റെ തത്വചിന്താപരവും സാംസ്‌കാരികവുമായ വിവിധ വശങ്ങളെക്കുറിച്ച് സമൂഹത്തില്‍ കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വനങ്ങള്‍ വെറും അഭയസ്ഥാനങ്ങളായിരുന്നില്ല, അറിവിന്റെയും ആത്മീയ അന്വേഷണത്തിന്റെയും കേന്ദ്രങ്ങളായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജന്മഭൂമി രാമായണത്തെ ആസ്പദമാക്കി നടത്തുന്ന ഒരേ ഇതിഹാസം, കഥകള്‍ പലത് എന്ന അന്താരാഷ്‌ട്ര കോണ്‍ക്ലേവിന്റെ ബ്രോഷര്‍ രാജ്ഭവനില്‍ പ്രകാശനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സപ്തംബര്‍ 11 മുതല്‍ കൊച്ചിയിലാണ് കോണ്‍ക്ലേവ്.
‘ശ്രീരാമന്‍ വനത്തിലേക്ക് പോയത് ശിക്ഷ അനുഭവിക്കാനല്ല; അറിവും അനുഭവങ്ങളും തേടിയുള്ള മഹത്തായ ജീവിതയാത്രയുടെ ഭാഗമായാണ്. അന്നത്തെ വനങ്ങള്‍ വിദ്യാഭ്യാസത്തിന്റെയും ജ്ഞാനത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ രാമന്റെ വനവാസത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും ചര്‍ച്ച ചെയ്യുകയും വേണ്ടതുണ്ട്. ശബരിയുമായുള്ള ശ്രീരാമന്റെ കൂടിക്കാഴ്ച സാമൂഹിക സമത്വത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ശാശ്വത സന്ദേശമാണ് നല്‍കുന്നത്.
നിഷാദ രാജാവായ ഗുഹനുമായുള്ള ആത്മബന്ധവും അതേ ആശയത്തിന്റെ ശക്തമായ പ്രതീകമാണ്. വനവാസികളും നഗരവാസികളും രണ്ട് വ്യത്യസ്ത സമൂഹങ്ങളായിരുന്നില്ല. ഒരേ സാംസ്‌കാരിക പാരമ്പര്യത്തിന്റെയും ദേശീയ ജീവിതധാരയുടെയും ഭാഗമായിരുന്നു. ആദിവാസികള്‍ മുഖ്യധാരാ സംസ്‌കാരത്തില്‍ നിന്ന് വേറിട്ടവരാണെന്ന നരേറ്റീവ് പിന്നീട് വിദേശ ശക്തികളാണ് പ്രചരിപ്പിച്ചത്. ഇന്ത്യന്‍ പാരമ്പര്യം അതിന് വിരുദ്ധമായ കാഴ്ചപ്പാടാണ് മുന്നോട്ടുവയ്‌ക്കുന്നത്. രാമായണം ഒരു മതഗ്രന്ഥം മാത്രമല്ല, സാമൂഹിക സമത്വത്തിന്റെയും സാംസ്‌കാരിക ഐക്യത്തിന്റെയും ധാര്‍മിക മൂല്യങ്ങളുടെയും മഹത്തായ സന്ദേശം പകരുന്ന ജീവിതദര്‍ശനമാണ്. അതിന്റെ വിവിധ തലങ്ങളെക്കുറിച്ച് അക്കാദമികമായും പൊതുസമൂഹത്തിലും കൂടുതല്‍ സംവാദങ്ങള്‍ ഉണ്ടാകണം. ജന്മഭൂമി സംഘടിപ്പിക്കുന്ന രാമായണ കോണ്‍ക്ലേവ് ഈ ദിശയില്‍ ശ്രദ്ധേയമായ സംരംഭമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ. ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി തുടങ്ങിയര്‍ പങ്കെടുത്തു.
















