തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും ആത്മീയ മഹിമയും വിളിച്ചോതി തപാല്‍ വകുപ്പിന്റെ ആദരം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും കേരള ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കോട്ടയ്‌ക്കകം നെല്‍പ്പുര ആഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു.
കോട്ടയ്‌ക്കകം തപാല്‍ ഓഫീസില്‍ നിന്ന് അയക്കുന്ന കത്തുകളിലും പാഴ്‌സലുകളിലും ഇനി മുതല്‍ ഈ മുദ്ര പതിപ്പിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയനത്തിലുള്ള ഭഗവാന്റെ രൂപവുമാണ് ഈ കാന്‍സലേഷന്‍ സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്. ക്ഷേത്ര ഗോപുരത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ ഫോയിലില്‍ തീര്‍ത്ത ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയ പ്രീമിയം കവറും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ വില 100 രൂപയ്‌ക്കും 200 രൂപയ്‌ക്കും ഇടയിലാണ്. 2000 കവറുകളാണ് വില്‍പനയ്‌ക്ക് എത്തിച്ചിട്ടുള്ളത്.
തപാല്‍ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ ക്ഷേത്രമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മാറി. ശബരിമല, ഗുരുവായൂര്‍, കാസര്‍കോട്ടെ മധൂര്‍ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്‌ക്കാണ് മുമ്പ് ഈ ആദരം ലഭിച്ചിട്ടുള്ളത്. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെയും സംസ്ഥാന മൃഗമായ ആനയുടെയും ചിത്രമടങ്ങിയ പോസ്റ്റുകാര്‍ഡുകളും പുറത്തിറക്കി.
















