ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തിലെ വാചകം ഇങ്ങനെയാണ്: ‘ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ ഒരു രോഗി മരിച്ചേക്കാം; ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്നു കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അദ്ധ്യാപകന് വീഴ്ച വന്നാല്‍ ഒരു തലമുറയാണ് നശിക്കുക.’
കോഴിക്കോട് പേരാമ്പ്ര ബി.ആര്‍.സി.യിലെ (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) മൂന്ന് അദ്ധ്യാപകരെ ലഹരി കേസില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. പുതിയ തലമുറയ്‌ക്ക് മൂല്യാവബോധം പകര്‍ന്നു നല്‍കേണ്ട അദ്ധ്യാപകര്‍ എതിര്‍സാക്ഷ്യമായി മാറുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. ആര്‍ക്കും പൊറുക്കാനാവാത്ത വീഴ്ചയാണ് ഈ അദ്ധ്യാപകര്‍ക്ക് സംഭവിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷ കേരളയില്‍ സ്പെഷ്യലിസ്റ്റ് എജ്യുക്കേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ മൂന്നു പേരെയും സര്‍വീസില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു.
അദ്ധ്യാപക പരിശീലനം, പ്രൈമറി സ്‌കൂളുകള്‍ക്ക് അക്കാദമിക പിന്തുണ എന്നിവ നല്‍കുന്ന അദ്ധ്യാപകരായ കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കെ. കാവ്യ, മരുതോങ്കര സ്വദേശിനി കാഞ്ഞിരക്കുന്നുമ്മല്‍ കീര്‍ത്തന, ആവള കുട്ടോത്ത് വലിയപറമ്പില്‍ നീഷ്മ എന്നിവരെയാണ് ലഹരി കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് പുറമെ പ്രദേശത്തെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ജിജിന്‍ കുര്യാക്കോസും അറസ്റ്റിലായിട്ടുണ്ട്. ഇനിയും പ്രതികള്‍ ഉണ്ടാകാം; അറസ്റ്റ് തുടരുകയാണ്.
മാരക ലഹരിയായ എം.ഡി.എം.എ.യുടെ ലക്ഷങ്ങള്‍ വരുന്ന ഇടപാടുപണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ വിനിമയം ചെയ്യപ്പെട്ടതായിട്ടാണ് പോലീസ് കണ്ടെത്തിയത്. എം.ഡി.എം.എ.യുടെ മൊത്തക്കച്ചവടക്കാരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് അനുമാനം. കോഴിക്കോട് വടകരയില്‍ രണ്ട് ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ സഫ്വാന്‍ എന്ന യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. ആറു മാസമായി ലഹരി മാഫിയക്ക് വേണ്ടി ഇവര്‍ പണം സ്വീകരിക്കുന്നതായി പോലീസ് പറയുന്നു. ഇവര്‍ ആദ്യം മംഗളൂരു സ്വദേശിയായ സുഹൃത്ത് നല്‍കിയ എം.ഡി.എം.എ. ഉപയോഗിക്കുകയും പിന്നീട് വില്‍പ്പനക്കാരായി മാറുകയുമാണ് ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴിയായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
അദ്ധ്യാപക സമൂഹത്തിനാകെ വലിയ മാനക്കേടാണ് ഇവര്‍ സൃഷ്ടിച്ചിരിക്കുന്നത്. എം.ഡി.എം.എ.യുടെ ആവശ്യക്കാര്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നു. പണം ലഭിച്ചാല്‍ ഫോണില്‍ ലൊക്കേഷന്‍ അയച്ചുകൊടുക്കും. ഇവിടെ മറ്റൊരാള്‍ ലഹരി കൈമാറും. ഇങ്ങനെ കീര്‍ത്തനയുടെ അക്കൗണ്ടില്‍ എത്തിയ പണം പിന്നീട് മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. ലഹരി മാഫിയയുടെയും ആവശ്യക്കാരുടെയും ഇടയിലെ കണ്ണിയായി ഇവര്‍ പ്രവര്‍ത്തിച്ചതായിട്ടാണ് വ്യക്തമാകുന്നത്.
ലഹരിക്കെതിരെ നാട്ടിലെ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്കും സുംബാ ഡാന്‍സിനും നേതൃത്വം നല്‍കുന്ന കായിക അദ്ധ്യാപികയാണ് കീര്‍ത്തന. യോഗ ക്ലാസും ഇവര്‍ നടത്തിയിരുന്നു. മൂന്നാമതായി അറസ്റ്റ് ചെയ്യപ്പെട്ട നീഷ്മ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളയാളാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വിദ്യാഭ്യാസവും വിലയും നിലയും ഉള്ള അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവരെയൊക്കെയാണ് ലഹരി മാഫിയ വളരെ ആസൂത്രിതമായി തങ്ങളുടെ കണ്ണികളായി മാറ്റുന്നത്. സമൂഹത്തില്‍ വ്യത്യസ്ത തലങ്ങളില്‍ ലഹരി മാഫിയ വേരുകള്‍ ആഴ്‌ത്തിയിരിക്കുന്നുവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ‘ഓപ്പറേഷന്‍ തൂഫാന്‍’ വഴി ലഹരിയുടെ തായ്വേര് അറുത്തുമാറ്റാനുള്ള പോരാട്ടം അതിശക്തമായി തുടരണം. എല്ലാ കണ്ണികളിലേക്കും അന്വേഷണം എത്തിച്ചേരട്ടെ.
അദ്ധ്യാപകന്‍ സര്‍വ്വ ഗുണങ്ങളുടെയും വിളനിലമായിരിക്കണം എന്നാണ് ഭാരതീയ സങ്കല്പം. ‘തൈത്തിരീയ ഉപനിഷത്തില്‍’ അദ്ധ്യാപകന്‍ ഈശ്വരന്റെ പ്രതീകമാണ്. ‘കഠോപനിഷത്തിന്റെ’ കാഴ്ചപ്പാടനുസരിച്ച് ഗുരു ദൈവത്തിന്റെ പ്രകാശവാഹകനാണ്. ആര്‍ഷമായ അനുശാസനങ്ങളില്‍ അത്യന്തം ശ്രദ്ധേയമായവയാണ് ‘മാതൃദേവോ ഭവ,’ ‘പിതൃദേവോ ഭവ,’ ‘ആചാര്യദേവോ ഭവ’ എന്നിവ. ഇവയില്‍ ആദ്യത്തെ രണ്ടെണ്ണം സൃഷ്ടിപരവും ഒടുവിലത്തേത് പുഷ്ടിപരവുമാണ്. ഇവ മൂന്നും ഒരു അദ്ധ്യാപകനില്‍ സമന്വയിക്കണം. നിത്യ നന്മകളുടെ ഉറവിടമാകണം അദ്ധ്യാപകര്‍. അറിവും ആത്മബോധവും കൊണ്ട് സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കെല്പുള്ളവരാകണം. ഒരു രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നത് ക്ലാസ് മുറികളിലൂടെയാണ്. അവിടെ മൂല്യശോഷണവും കര്‍മ്മശോഷണവും ധര്‍മ്മശോഷണവും സംഭവിക്കരുത്.
തത്വചിന്തകനായ ജീന്‍ സൈബിലിയസ് പറയുന്നു: ‘അദ്ധ്യാപകന്‍ തലമുറകളുടെ ശില്പിയാണ്.’വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം വിജ്ഞാന വിനിമയവും വിജ്ഞാനമാര്‍ജ്ജിക്കലും അല്ല; മറിച്ച്, മൂല്യബോധം പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്‍കി നല്ലൊരു തലമുറയെ വാര്‍ത്തെടുക്കലാണ്. നന്നായി ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കേണ്ടവരും ജീവിച്ചു കാണിക്കേണ്ടവരുമാണ് അദ്ധ്യാപകര്‍. ഏറ്റവും മൂല്യമുള്ള സത്പ്രവൃത്തിയായിട്ടാണ് അദ്ധ്യാപനത്തെ കാണുന്നത്.
സത്യത്തിലേക്കുള്ള വഴികാട്ടിയും ചൂണ്ടുപലകയുമാകണം അദ്ധ്യാപകര്‍. സാമൂഹ്യപ്രതിബദ്ധതയും സന്മാര്‍ഗ്ഗബോധവുമുള്ള പൗരസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യം മാതാപിതാക്കള്‍ക്കൊപ്പം ഗുരുക്കന്മാര്‍ക്കുമുണ്ട്. അദ്ധ്യാപകരുടെ വ്യക്തിത്വം, സ്വഭാവസവിശേഷതകള്‍, ജീവിതവിശുദ്ധി, വിജ്ഞാനം, അര്‍പ്പണബോധം, ആത്മാര്‍ത്ഥത, പ്രതിബദ്ധത, ധാര്‍മ്മികത, പൗരബോധം എന്നിവയെല്ലാം കുട്ടികളെ സ്വാധീനിക്കും. പാഠപദ്ധതികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കും അപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജീവിതമൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ അവര്‍ക്ക് കടമയുണ്ട്. അദ്ധ്യാപകര്‍ നൈതികത കൈവിട്ടുകളഞ്ഞാല്‍ പൊതുസമൂഹത്തില്‍ സംഭവിക്കാവുന്ന ദുരന്തമായി അത് മാറും. വിദ്യാഭ്യാസരംഗത്തെ മൂല്യബോധത്തിന് ആഘാതമേല്‍പ്പിക്കുന്നതൊന്നും ഇനിമേല്‍ സംഭവിക്കാതിരിക്കട്ടെ.
















