കൊച്ചി: ആലുവ കരുമാല്ലൂരില്‍ നിന്ന്് കാണാതായ 12കാരിയെ പൂനെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. ഓച്ചിറ സ്വദേശിയായ യുവാവും ഒപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൂനെയില്‍ എത്തിയ ആലുവയില്‍ നിന്നുള്ള പൊലീസ് സംഘം റെയില്‍വേ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ട്രെയിനില്‍ 25കാരനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. പൊലീസ് ഇരുവരെയും കൂട്ടി ആലുവയ്‌ക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരികെയെത്തിയില്ല. സുഹൃത്തിനൊപ്പമാണ് കുട്ടി പോയതെന്ന് സൂചനയുണ്ടായിരുന്നു. അമ്മയുടെ മൊബൈല്‍ ഫോണ്‍ കുട്ടിയുടെ കൈവശമുണ്ടായിരുന്നുവെങ്കിലും സ്വിച്ച്ഓഫ് ആക്കിയിരുന്നു. സുഹൃത്തിന്‌റെ ഫോണ്‍ പിന്തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടര്‍ന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. നാല് ദിവസം കഴിഞ്ഞിട്ടും പൊലീസ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.
















