
ന്യൂദല്‍ഹി: പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള റിസര്‍വ്വ് ബാങ്ക് നിര്‍ദേശത്തിന് കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകാരം നല്‍കി. കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
തുടക്കത്തില്‍ 10, 20 രൂപയുടെ നോട്ടുകളാണ് അച്ചടിച്ചിറക്കുക. 10,20 രൂപകളുടെ നൂറു കോടി രൂപ വീതം മൂല്യമുള്ള നോട്ടുകളാണ് അച്ചടിക്കുക. 2027ല്‍ ആണ് പ്ലാസ്റ്റിക് നോട്ടുകള്‍ വിപണിയില്‍ എത്തുക. അതേ സമയം, ഇപ്പോള്‍ വിപണിയിലുള്ള സാധാരണ പേപ്പറില്‍ അച്ചടിച്ച പത്ത് രൂപ, ഇരുപത് രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല.
പരീക്ഷണം വിജയകരമായാല്‍ 2027ല്‍ തന്നെ പ്ലാസ്റ്റിക് നോട്ടുകളുടെ പൂര്‍ണതോതിലുള്ള അച്ചടിയും വിതരണവും തുടങ്ങും. പോളിമര്‍ നോട്ടുകള്‍ അച്ചടിക്കുന്നതിന് ആവശ്യമായ പ്രത്യേക ഷീറ്റുകള്‍ വിതരണം ചെയ്യുന്നതിനായി റിസര്‍വ്വ് ബാങ്കിന്റെ കറന്‍സി അച്ചടി വിഭാഗമായ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ആഗോള തലത്തില്‍ താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു.
സുരക്ഷ ഉറപ്പാക്കാന്‍ സുതാര്യമായ വിന്‍ഡോയില്‍ പോര്‍ട്രെയ്റ്റ് (ചിത്രം), മെറ്റാലിക് അക്കങ്ങള്‍, മാഗ്‌നറ്റിക് ത്രെഡ്, ഷാഡോ ഇമേജ് എന്നിവയടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഈ പ്ലാസ്റ്റിക് നോട്ടുകളില്‍ ഉണ്ടായിരിക്കും. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 18 ആണ്.
ആദ്യ ഘട്ടത്തില്‍ ഓരോ മൂല്യത്തിലുമുള്ള നോട്ടുകള്‍ക്കായി 34,000 റീമുകള്‍ വീതം ആകെ 68,000 റീം (ഒരു റീമില്‍ 500 ഷീറ്റുകള്‍) പോളിമര്‍ ഷീറ്റുകളാണ് റിസര്‍വ്വ് ബാങ്ക് വാങ്ങുക.
പ്ലാസ്റ്റിക് നോട്ടുകളുടെ മെച്ചം എന്തൊക്കെ?
നിലവിലുള്ള പേപ്പര്‍ നോട്ടുകളേക്കാള്‍ കൂടുതല്‍ ഈടുനില്‍ക്കുന്നവയാണ് പോളിമര്‍ നോട്ടുകള്‍. ഇവ എളുപ്പത്തില്‍ കീറിപ്പോകില്ല, വെള്ളം നനഞ്ഞാല്‍ നശിക്കില്ല, മാത്രമല്ല കള്ളനോട്ടുകള്‍ നിര്‍മിക്കുന്നത് തടയാന്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാനാകും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കറന്‍സി അച്ചടി ചെലവ് കുറയ്‌ക്കാനും പരിസ്ഥിതി ആഘാതം ലഘൂകരിക്കാനും സഹായിക്കും.
1988ല്‍ ഓസ്ട്രേലിയയാണ് ലോകത്താദ്യമായി പോളിമര്‍ നോട്ടുകള്‍ അവതരിപ്പിച്ചത്. നിലവില്‍ യുകെ, കാനഡ, ന്യൂസിലന്‍ഡ് ഉള്‍പ്പെടെ അമ്പതിലധികം രാജ്യങ്ങളില്‍ പ്ലാസ്റ്റിക് കറന്‍സികള്‍ ഉപയോഗത്തിലുണ്ട്.