Literature

കഥ: ഗോമതിയും കള്ളനും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

രു കള്ളനെപ്പോലെ പാത്ത് പതുങ്ങിയാണ് അയാള്‍ ഗോമതിയുടെ മുറിയില്‍ കയറിയത്. രാത്രിവെളിച്ചത്തിനെന്നപോലെ ഒരു ചെറിയ വിളക്ക് മുറിയില്‍ തെളിഞ്ഞിരുന്നു. ഇടയ്‌ക്കിടയ്‌ക്ക് ശ്രദ്ധ വേണ്ടതുകൊണ്ട് മുറിയുടെ വാതില്‍ മകള്‍ അടക്കാറില്ല. അതുകൊണ്ടുതന്നെ മുറിയിലെത്താന്‍ അയാള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. മുറിയിലേക്ക് കയറുന്നത് ആരും കണ്ടിട്ടില്ല എന്നതുമയാള്‍ ഉറപ്പാക്കിയിരുന്നു. ”എന്റെ കുന്നിലപ്പാ, എന്നെയങ്ങെടുത്തോണേ” എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ഉറക്കെ പറയുന്ന ഗോമതിയുടെ മുറി തേടിത്തന്നെയാണ് അയാള്‍ എത്തിയത്. തന്നെക്കാണുന്നത് സന്തോഷമാകും എന്നും അയാള്‍ ഉറപ്പിച്ചു.

ഏതു കൂടിക്കാഴ്‌ച്ചയ്‌ക്കും അതിന്റേതായ ഒരു മര്യാദ വേണമല്ലോ എന്നുകരുതി അയാള്‍ ആദ്യമേ ക്ഷേമാന്വേഷണം നടത്തി ”എന്താ ഗോമതി, സുഖം തന്നെയല്ലേ?”
ആരാണ്, എന്താണ് എന്നൊന്നും മനസ്സിലാക്കാതെ ഗോമതി പതിവ് പോലെ കട്ടിലില്‍ കിടന്നുകൊണ്ടുതന്നെ മറുപടി പറഞ്ഞു: ”ഓ എന്ത് സുഖം, മതിയായി. എന്നെയങ്ങടുത്തുകൂടേന്ന് കുന്നിലപ്പനോട് പ്രാര്‍ത്ഥിച്ചു ദിവസങ്ങള്‍ നീക്കുന്നു..”
അയാള്‍ക്ക് സമാധാനമായി. നേരില്‍ കാണുവാന്‍ താമസിച്ചെങ്കിലും, പിണക്കത്തിന്റെ സ്വരമല്ല. കുന്നിലപ്പനിലെ വിശ്വാസവും കുറഞ്ഞിട്ടില്ല.

”ഒന്നുരണ്ടുവട്ടം വരണമെന്ന് കരുതിയതാണ്. സമയം കിട്ടേണ്ടേ. നൂറുകൂട്ടം തിരക്ക്. അതാണ് താമസിച്ചത്. വരാന്‍ താമസിച്ചതിന് പിണങ്ങിയില്ലല്ലോ. അത്രയും സന്തോഷം. ഏതായാലും എല്ലാ ആഗ്രഹങ്ങളും നടന്നു കഴിഞ്ഞില്ലേ? കുട്ടികളും പേരക്കുട്ടികളും എല്ലാമായില്ലേ? ആയിരം പൂര്‍ണചന്ദ്രനെ കണ്ടില്ലേ? ഇനി പോകാമെന്നല്ലേ?”
”അതെ..അതെ…ദൈവം അങ്ങ് വിളിച്ചാല്‍ മതിയായിരുന്നു. അത് പോട്ടെ നീയാരാ മോനെ? മനസ്സിലായില്ല? അതും ഈ നേരത്ത്”
അയാള്‍ ഒരു നിമിഷം ഞെട്ടി. സ്ഥിരം വേഷഭൂഷാദികളില്ലെങ്കിലും തന്നെ മനസ്സിലായിരിക്കും എന്നുതന്നെയാണ് അയാള്‍ കരുതിയത്. ”ലോകം ഒരുപാട് മാറിയിരിക്കുന്നു. അടുത്തകാലത്തായി പലരും തന്നെ തിരിച്ചറിയുന്നില്ല” അയാള്‍ മനസ്സില്‍ പറഞ്ഞു.
”ഗോമതി എന്നെ നീ എന്നാണോ വിളിക്കുന്നത്. അങ്ങനെയൊന്നുമല്ലല്ലോ ഇതുവരെ വിളിച്ചിരുന്നത്. എന്നെ എന്താ മനസ്സിലായില്ലേ?”
”തൊണ്ണൂറ്റി നാലായി. കുട്ടന്‍ പോലും എന്നെക്കാള്‍ ഇളയതായിരുന്നു… അവനും പോയി അഞ്ചാറ് വര്‍ഷമായി… ഇനി ആരുമില്ല… നിനക്ക് എന്റെ ഇളയവന്റെ പ്രായം പോലുമില്ലല്ലോ…ന്നിട്ടാ”
”ഗോമതിക്കിനിയും എന്നെ മനസ്സിലായിട്ടില്ലല്ലേ. എന്നെയല്ലേ എന്നും വിളിക്കുന്നെ, കൊണ്ടുപോയിക്കൂടെന്ന് പറഞ്ഞു… നേരിട്ട് വന്നപ്പോ അറിയില്ലാന്നായോ?”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഗോമതി തുടര്‍ന്നു.
”അത് ഞാന്‍ ദൈവത്തെ വിളിക്കുന്നതല്ലേ. എന്റെ കുന്നിലപ്പനെ. നീയാരാ, പറഞ്ഞില്ലല്ലോ, വല്ല കള്ളനുമാണോ? പതുങ്ങി പതുങ്ങിയാണല്ലോ വന്നത്. എന്റെ കയ്യില്‍ ഇനി ഒന്നുമില്ല, ജീവനല്ലാതെ.”
അയാള്‍ നന്നായി ചിരിച്ചു. ”ശരിയല്ലേ, തന്നെക്കാള്‍ വലിയ കുള്ളനാര്?” സ്വയം ചോദിച്ചു.

അയാള്‍ ഗോമതിയോട് തുടര്‍ന്നു. ”ഒരു കണക്കില്‍ ഞാന്‍ കള്ളന്‍ തന്നെ. പക്ഷെ ആരും കള്ളന്‍ എന്ന് തെളിഞ്ഞു വിളിക്കാറില്ല. സാരമില്ല. ഗോമതി വിളിച്ചത് ഞാന്‍ ക്ഷമിച്ചു.”
അയാള്‍ പേര് പറഞ്ഞു വിളിക്കുന്നതിലുള്ള നീരസം ഗോമതിയുടെ ചുക്കിച്ചുളിഞ്ഞ മുഖത്ത് തെളിഞ്ഞു. കാലങ്ങളായി ഗ്രാമത്തില്‍ ആരും പേരെടുത്ത് വിളിക്കാറില്ല. എല്ലാരും ‘ഗോമതിയമ്മേ’ എന്നാണ് വിളിക്കുന്നത്. വളരെ ചുരുക്കം ചിലര്‍ ‘ഗോമതിച്ചേച്ചിയെന്നും.’ ഇവന്‍ ആരായാലും തന്റെ പ്രായം മാനിക്കണ്ട്… ഇങ്ങനെ പോയി ഗോമതിയമ്മയുടെ മനസ്സിലെ ചിന്തകള്‍. അവര്‍ ഒരു നിമിഷം ഒന്നുമുരിയാടാതെ തുടര്‍ന്നു.
”ഞാന്‍ ചോദിച്ചതിനുത്തരം പറഞ്ഞില്ല. ഇനി പോകാമല്ലോ ല്ലെ?”

”എവിടേക്ക്? നീയാരാ? കള്ളനാണെങ്കി എന്റെ കയ്യിലൊന്നുമില്ല. ഇതൊന്നും പൊന്നല്ല” കഴുത്തിലെ മാല മെല്ലെ തിരിച്ചുകൊണ്ടു ഗോമതി പറഞ്ഞു.

അയാള്‍ ചിരിച്ചു. ”ഞാന്‍ കള്ളനൊന്നമല്ല. അല്ലെങ്കിലും എനിക്ക് തരാമെന്നു പറഞ്ഞ വെള്ളിരൂപം പോലും തരാത്ത ആളേല്ല. സാരമില്ല. പക്ഷെ ഞാനായിട്ട് ഒന്നും മോഷ്ടിക്കാറുമില്ല.”

ഗോമതി ഒരു നിമിഷം മിണ്ടാതിരുന്നു. അവരുടെ പ്രായം മറവിക്ക് കീഴടങ്ങിയിട്ടില്ലാതിരുന്നതുകൊണ്ട് അവരുടെ നെറ്റി ചെറുതായൊന്നു ചുളിഞ്ഞു.

”നീ ആരാ, സത്യം പറ. കുട്ടന്‍ ജ്യോത്സ്യന്റെ ആരാ? ഞാനതു മറന്നതാ. പിന്നെ ശ്വാസം മുട്ടല് നിന്നത് ഒരാഴ്ച ആശുപത്രീല് കിടന്ന ശേഷമാ. കുട്ടന്‍ പറഞ്ഞ വഴിപാടിന്റെ ബലത്തിലൊന്നുമല്ല. നീ കള്ളനല്ലെങ്കില്‍ പിന്നെ ആരാ? അത് പറ. ആരും കാണാതെ അസമയത്ത് വന്നതല്ലേ.”

അയാള്‍ ഗോമതിയുടെ അടുത്തേക്ക് അല്‍പ്പം നീങ്ങിയിരുന്നു. ഗോമതിക്കതോടെ അയാളെ വ്യക്തമായി കാണാമെന്നായി.
”എന്നെ ഗോമതിക്കു മനസ്സിലായില്ല ഇതുവരെ? ഞാനിതുവരെ വിളിച്ചുകൊണ്ടു പോകുന്നില്ല എന്നെല്ലാവരോടും പറയുന്നുമുണ്ടല്ലോ. എന്നിട്ടും ഞാന്‍ വന്നപ്പോ മനസ്സിലായില്ല?”
അയാളുടെ തെളിഞ്ഞ ചിരി ഗോമതി ശ്രദ്ധിച്ചു. എവിടെയോ കണ്ടിട്ടുള്ളതുപോലെ. പക്ഷെ അയാളുടെ വേഷം? പലതരം ചിന്തകള്‍ അവരുടെ മനസ്സിലൂടെയോടി.

”നീ കള്ളനല്ലന്ന് പറഞ്ഞോളൂ. പക്ഷെ ദൈവമാണെന്നൊന്നും പറഞ്ഞു പറ്റിക്കണ്ട.”

”അതെന്താ ഗോമതിക്കു വിശ്വാസമാവാത്തത്, ഞാന്‍ ദൈവമാണ്. കുന്നിലപ്പനാണ്. അതല്ലേ ഗോമതിയെ വിളിച്ചുകൊണ്ടുപോകാന്‍ നേരിട്ട് വന്നത്. നമുക്കിനി സന്തോഷമായി പൊയ്‌ക്കൂടേ?”

അയാള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചിരി ഗോമതിയുടെ മുഖത്ത് തെളിഞ്ഞു.

”നീ ശരിയായ കള്ളന്‍ തന്നെ. എനിക്ക് വയസ്സായെങ്കിലും കുന്നിലപ്പന്‍ സഹായിച്ച് കാഴ്‌ച്ചക്കൊരു കുറവുമില്ല. ഈ വേഷത്തില്‍ വന്നിട്ട് ദൈവമെന്നു പറയാനും നിനക്ക് തോന്നീല്ലോ. നീ ഈ മുറിയില്‍ ഒന്നും തപ്പാന്‍ നോക്കേണ്ട. ഒന്നുമില്ല. ഞാന്‍ ആരെയും വിളിക്കുന്നില്ല. നീ രക്ഷപ്പെട്ടോ. ഇതെല്ലാം കുന്നിലപ്പന്‍ കാണും ന്നോര്‍ത്തോ..”

”ഗോമതി…അങ്ങിനെയല്ല. ഞാന്‍ കുന്നിലപ്പന്‍ തന്നെയാണ്. ഒരു കള്ളനെപ്പോലെ ജീവനെടുക്കണ്ടാ ന്ന് കരുതിയാണ്. ഗോമതിയെ ഉടലോടെ വിളിച്ചുപോകാം ന്ന് ഞാന്‍ തീരുമാനിച്ചതാണ്. ഗോമതി എന്നും പ്രാര്‍ഥിക്കാറുമുണ്ടല്ലോ. സന്തോഷമായിട്ടു പോരൂ, നമുക്ക് പോകാം”

അയാള്‍ മുറിയില്‍ എത്തിയതിനു ശേഷം ആദ്യമായി ഗോമതിയുടെ മുഖഭാവം മാറി. അറിയാതെ ഭയവും പരിഭ്രമവും മുഖത്ത് നിഴലിച്ചു. അടുത്ത നിമിഷം അവര്‍ വീണ്ടും ചിരിച്ചു. ”എടാ കള്ളാ, നീ അമ്പലത്തില്‍ പോയിട്ടുണ്ടോ? കുന്നിലപ്പനെ കണ്ടിട്ടുണ്ടോ? നിന്റെയൊരു വേഷം. പാന്റും ഷര്‍ട്ടുമിട്ടു കുന്നിലപ്പനാണെന്നും പറഞ്ഞിറങ്ങിയിരിക്കുന്നു. നീ രക്ഷപ്പെട്ടു പൊയ്‌ക്കോട്ടെന്ന് കരുതി. ഇനി നീ ഇവിടെ നിന്നാല്‍ ഞാന്‍ ഈ സ്വിച്ചില്‍ ഞെക്കും. മോന്‍ മോളിലത്തെ മുറിയില്‍ നിന്ന് വരും. നിന്നെ പോലീസിലേല്‍പ്പിക്കും. നീ സമയം കളയാതെ പൊയ്‌ക്കോ.. കുന്നിലപ്പനാണ് പോലും”. കട്ടിലിന്റെ കാലില്‍ പിടിപ്പിച്ചിരുന്ന ബെല്‍ സ്വിച്ച് കാണിച്ചുകൊണ്ട് ഗോമതി പറഞ്ഞു.

തന്റെ ഏറ്റവും വലിയ ഭക്തയായ ഒരാളുടെ ജീവനെങ്കിലും അയാളുടെ സന്തോഷത്തോടെ എടുക്കാമെന്ന് കരുതിയ അയാള്‍ കുഴങ്ങി. കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ നേരവുമുള്ള ഗോമതിയുടെ പ്രാര്‍ഥന അയാള്‍ വീണ്ടും ഓര്‍ത്തു. പ്രാര്‍ഥനയിലും കള്ളത്തരമുണ്ടെന്ന് അയാള്‍ക്ക് വിശ്വസിക്കാനായില്ല. ഭക്തരിലെ നെല്ലും പതിരും പോലും തിരിച്ചറിയാനാവുന്നില്ലല്ലോ എന്നയാളുടെ മനസ്സ് പറഞ്ഞു. എല്ലാ അവസാനയാത്രയും പോലെ ഗോമതിയെയും പിടിച്ചുവലിച്ചു കൊണ്ടുപോകേണ്ടിവരുമെന്ന് അയാള്‍ക്ക് മനസ്സിലായി. എങ്കിലും ഒരു ശ്രമം കൂടി നടത്തണം എന്നും മനസ്സ് പറഞ്ഞു.

”ഗോമതിയുടെ സംശയമെങ്കിലും മാറ്റാതെ ഞാന്‍ പോകുന്നില്ല. ഞാനാണ് കുന്നിലപ്പന്‍ എന്നതിന് എന്ത് തെളിവാണ് വേണ്ടത്? പറയൂ.”

”എനിക്ക് സംശയമേയില്ല. നിന്നെ കണ്ടാലറിയില്ലേ. നീ വന്നപോലെ പോകാന്‍ നോക്ക്. കുന്നിലപ്പന്‍ പോലും.”
അയാള്‍ കുഴങ്ങി. ”താന്‍ ദൈവമാണെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. തന്റെ ഭക്തെയ കൂട്ടിക്കൊണ്ടുപോകാം എന്ന് കരുതിയിട്ടു പരാജയത്തിലേക്ക്. ഈ ലോകം തനിക്കുപോലും മനസ്സിലാവാതെ മാറിയിരിക്കുന്നു” അയാള്‍ മനസ്സില്‍ പറഞ്ഞു.

”ഗോമതിക്കെന്റെ ശരിയായ രൂപം കാണാത്തതാണോ വിശ്വാസമാവാത്തത്. എന്നെയാണോ എന്റെ വേഷത്തെയാണോ വിശ്വാസം. ഗോമതിയുടെ ഉള്ളില്‍ എന്നെക്കാണുന്നില്ലേ? ഞാനിനി എതു രൂപത്തില്‍ വന്നാലാണ് വിശ്വാസമാവുക. എന്നെ വിശ്വാസമെങ്കില്‍ ഗോമതിക്കെന്നെ കണ്ടപ്പോള്‍ തന്നെ മനസ്സിലായിരിക്കുമല്ലോ.”

ഗോമതി ഒന്നും പറഞ്ഞില്ല. അയാള്‍ അതോടെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ”ഏതു രൂപത്തിലാണ് ഗോമതിക്കു കാണേണ്ടത്? പറയൂ. ഗോമതി സന്തോഷത്തോടെ എന്റെ കൂടെ വരണം എന്ന് മാത്രമാണ് എനിക്ക്. ഇത് പതിവില്ലാത്തതാണ്. എത്രയോ കാലമായി എന്നെ വിളിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമല്ലേ. എനിക്കുപേക്ഷിക്കാന്‍ ആവുന്നില്ല.”

വീണ്ടും ഗോമതി മൗനം തുടര്‍ന്നതോടെ അയാള്‍ മെല്ലെ എഴുന്നേറ്റു. ഗോമതിയുടെ മുന്നില്‍ ഒരു നിമിഷം അയാള്‍ നിവര്‍ന്നു നിന്നു. അയാള്‍ എന്തിനുള്ള തുടക്കമെന്നറിയാതെ ഗോമതി അയാളെത്തന്നെ നോക്കി തുടര്‍ന്നു. അടുത്ത നിമിഷം തെളിഞ്ഞ വിളക്കുകള്‍ക്കു മുന്നിലെന്ന പോലെ അയാളുടെ രൂപം പ്രകാശിതമായി. അയാള്‍ക്ക് സ്വര്‍ണ വര്‍ണമായി. അയാളുടെ കണ്ണുകള്‍ തിളങ്ങി. അയാളുടെ മാറില്‍ മുത്തുമാലകള്‍ തെളിഞ്ഞു. ശിരസ്സില്‍ മയില്‍പ്പീലിയോട് കൂടിയ കിരീടം ഉയര്‍ന്നു. ഗോമതിയുടെ മുറിയിലാകെ ഒരു അഭൗമ പ്രകാശം നിറഞ്ഞു.

”ഗോമതി എന്നെ കാണുന്നില്ലേ. ഇനിയും സംശയം ബാക്കിയുണ്ടോ. ഞാന്‍ കുന്നിലപ്പന്‍ തന്നെയെന്ന് ബോദ്ധ്യമായില്ലേ? ഇനി സന്തോഷമായിട്ടു നമുക്ക് പൊയ്‌ക്കൂടേ? ഗോമതിയെ ഉടലോടെ സ്വര്‍ഗത്തിലേക്ക് എത്തിക്കണമെന്ന് എന്റെ തീരുമാനമാണ്. അതാണ് ഞാന്‍ നേരിട്ട് വന്നത്.”

ഗോമതിയുടെ കണ്ണുകള്‍ ഒരു നിമിഷം തിളങ്ങി. കണ്മുന്നില്‍ നില്‍ക്കുന്നത് സാക്ഷാല്‍ കുന്നിലപ്പനാണെന്ന് ഗോമതിക്കു മനസ്സിലായി. എത്രയോ കഥകളില്‍ കേട്ടിട്ടുള്ളതുപോലെ തനിക്കു മുന്നില്‍ നേരിട്ട് കുന്നിലപ്പന്‍. അവര്‍ക്കതു വിശ്വസിക്കാനായില്ല. ഒരു നിമിഷം അയാളെ നോക്കി അവര്‍ കൈ കൂപ്പി. അടുത്ത നിമിഷം അവരുടെ ഉള്ളില്‍ തീവ്രമായ ഭയം ഉയര്‍ന്നു. ചിരിച്ചും മയക്കിയും തന്റെ ജീവന്‍ എടുക്കാനുള്ള അയാളുടെ വരവ് ഗോമതിക്കു ഭയമായി. അയാളുടെ കയ്യില്‍ നിന്നും എങ്ങനെയും രക്ഷപ്പെടണം എന്ന് അവര്‍ തീവ്രമായി ആഗ്രഹിച്ചു. താന്‍ വെറുതെ പ്രാര്‍ത്ഥിച്ചിരുന്നതാണെന്ന് അറിയിക്കണമെന്ന് അവര്‍ ഉറപ്പിച്ചു. തന്റെ മുന്‍ പ്രാര്‍ഥനകളും വിശ്വാസവും ഭക്തിയുമെല്ലാം പൊള്ളയായിരുന്നുവെന്നും സ്വാര്‍ത്ഥമായിരുന്നുവെന്നും കുന്നിലപ്പന്‍ അറിയുമെന്നുപോലും ചിന്തിക്കാതെ ഗോമതി മെല്ലെ പറഞ്ഞു

”എനിക്ക് സംശയമില്ല. ബോധ്യമായി. അപ്പന്‍ മുന്നിലെത്തുമെന്നു ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. ഒരിക്കലും. എന്റെ പ്രാര്‍ഥന കേള്‍ക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഞാനറിയാതെ മരണം ആഗ്രഹിച്ചതാണ്.”

അയാള്‍ ഗോമതിയെ നോക്കി വീണ്ടും ചിരിച്ചു. അയാള്‍ വീണ്ടും പഴയ രൂപമായി മാറിയിരുന്നു. ”ഞാനെത്തിയില്ലേ? സന്തോഷമായില്ലേ? നമുക്ക് പൊയ്‌ക്കൂേട?”

ഗോമതി അയാളുടെ നേരെ കൈ കൂപ്പി ”എന്നെ കൊണ്ട് പോകരുത്. എനിക്ക് മരിക്കണ്ട. എനിക്കിവിടെ എല്ലാവരുടെയും കൂടെ കഴിയാനാണിഷ്ടം. ഇതാെണന്റെ സ്വര്‍ഗം. അപ്പന്‍ എന്നെ അനുഗ്രഹിക്കണം. ഇതാണെന്റെ പ്രാര്‍ഥന. ശരിയായ പ്രാര്‍ഥന. എന്നെ കൈ വിടരുത്”

ഗോമതിയുടെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ക്കും അവരുടെ ഭാവം കണ്ടതും മനസ്സലിഞ്ഞു. അയാള്‍ ചിരിച്ചുകൊണ്ട് ഗോമതിയോടു ഒരിക്കല്‍ കൂടി ചോദിച്ചു. ”ഗോമതി ഇത്ര നാള്‍ പ്രാര്‍ഥിച്ചതു വെറുതെയോ? ഉടലോടെ ഗോമതിയെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകാനാണ് ഞാന്‍ നേരിട്ട് എഴുന്നള്ളിയത്. ഇത് പതിവുള്ളതല്ല. ഗോമതിയോടുള്ള എന്റെ അനുഗ്രഹമാണ്. നമുക്ക് പോകാം, വരൂ” അയാള്‍ ഗോമതിയുടെ നേരെ കൈ നീട്ടി.

ഗോമതി തന്റെ കൂപ്പിയ കൈ പിന്നോട്ട് വലിച്ചു. തന്നേക്കൂട്ടാതെ അയാള്‍ മടങ്ങുകയില്ല എന്ന് അവര്‍ക്കു ബോധ്യമായി. അവരുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു നിമിഷം ഗോമതിയുടെ മനസ്സില്‍ രക്ഷപ്പെടുവാനുള്ള പോംവഴി തെളിഞ്ഞു. ഗോമതിയുടെ കൈ മകളെ അത്യാവശ്യത്തിനു വിളിക്കാനുള്ള ബെല്ലിന്റെ സ്വിച്ചിലേക്കു നീങ്ങി.

തന്റെ ശ്രമം പരാജയപ്പെടുമെന്നത് അതോടെ അയാള്‍ക്കുറപ്പായി. അയാളുടെ കണ്ണുകള്‍ രൂക്ഷമായി. ചുവന്നു. ഗോമതിയുടെ കൈകളിലേക്ക് അയാളുടെ കണ്ണുകള്‍ പതിച്ചു. ചലിപ്പിക്കാനാവാതെയായ സ്വന്തം കൈകളിലേക്കും അയാളുടെ മുഖത്തേക്കും ഗോമതി ദയനീയമായി നോക്കി. അവര്‍ ഒന്നുറക്കെ വിളിക്കാന്‍ ഒരു ശ്രമം നടത്തി പരാജയപ്പെട്ടു. അതോടെ അവരുടെ മനസ്സില്‍ നിന്നും ഒരു പ്രാര്‍ഥന ഉയര്‍ന്നു. അയാളുടെ മുഖത്ത് തന്നെ അവര്‍ തുറിച്ചു നോക്കി. കാണെ കാണെ അയാള്‍ അവരുടെ കണ്ണില്‍ നിന്നും മറഞ്ഞു.

പരാജയപ്പെട്ട ശ്രമത്തിന്റെ വിഷമത്തോടെ അയാള്‍ തലകുനിച്ചു മെല്ലെ പുറത്തേക്കിറങ്ങി. അയാളുടെ പരാജയം കാത്തിരുന്നിട്ടെന്നപോലെ ഒരു വട്ടക്കൊമ്പന്‍ പോത്ത് മുറ്റത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അതിനോട് ചേര്‍ന്ന് നിന്നിരുന്ന കറുത്ത മനുഷ്യന്‍ പുച്ഛത്തോടെ ചിരിക്കുന്നതായി അയാള്‍ക്ക് തോന്നി.

Recent Posts