ന്യൂഡൽഹി ; കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജിയ്‌ക്ക് ശേഷമേ നിരാഹാരസമരം അവസാനിപ്പിക്കൂവെന്ന് നിലപാടെടുത്തിരുന്ന ആക്ടിവിസ്റ്റ് സോനം വാങ് ചുക് ഒറ്റരാതി കൊണ്ട് എങ്ങനെ നിലപാട് മാറ്റി ? മോദി സർക്കാർ നിലം പതിക്കുമെന്നും, രാഹുൽ പ്രധാനമന്ത്രിയാകുമെന്നും പറഞ്ഞ് കാത്തിരുന്ന കോൺഗ്രസുകാരും വാങ്ചുകിന്റെ പിന്മാറ്റത്തിന്റെ ഞെട്ടലിലാണ് ഇന്ന് . എൻ എസ് എ ചുമത്തുമെന്ന അറിയിപ്പും, പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചതോടെ സമരപന്തലിൽ നിന്ന് അഭിജിത് ദീപ്കെയും മുങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ ന്യൂഡൽഹി ട്രേഡേഴ്സ് അസോസിയേഷന്റെ ഒരു അറിയിപ്പ് പുറത്ത് വന്നിരുന്നു. കൊണാട്ട് പ്ലേസിലുള്ള കടകളും, ഓഫീസുകളും , റസ്റ്റോറന്റുകളും വൈകിട്ട് ആറരയ്‌ക്ക് തന്നെ അടക്കണമെന്നായിരുന്നു അറിയിപ്പ് . ഇതോടെ സർക്കാരും, ഡൽഹി പൊലീസും കാര്യമായി എന്തോ പ്ലാൻ ചെയ്യുന്നുവെന്ന അഭ്യൂഹങ്ങൾ പരന്നു. സമരത്തിന്റെ മുൻ നിരയിൽ നിന്ന പലരും മുങ്ങാനും തുടങ്ങി. ഇതിനിടെയാണ് അമിത് ഷാ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായും പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിങ്ങുമായും നാല് മണിക്കൂർ നീണ്ടുനിന്ന ഉന്നതതല യോഗം നടത്തിയത്.
വാങ്ചുക്കിന്റെ ആരോഗ്യവും ക്ഷേമവും മുൻഗണനയായി കരുതി അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് പോസിറ്റീവ് സമീപനം സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു.യോഗത്തിന് ശേഷം, ജിതേന്ദ്ര സിംഗ് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയുമായി സംസാരിച്ചു, വാങ്ചുക് ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും അദ്ദേഹത്തിന്റെ നിരാഹാരം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അവർക്ക് ഉറപ്പ് നൽകി.
പിന്നാലെ ജെപി നദ്ദയും ജിതേന്ദ്ര സിംഗും ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വാങ്ചുകിനെ കാണാനെത്തി . അദ്ദേഹം ഉന്നയിച്ച രണ്ട് ആവശ്യങ്ങൾ സമാധാനമപരമായി പ്രതിഷേധിച്ചവർക്കെതിരെ നിയമനടപടി ഉണ്ടാകരുതെന്നും, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു. ഇത് രണ്ടും സർക്കാർ അംഗീകരിച്ചു. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. എന്നാൽ അക്രമം അഴിച്ചുവിട്ടവർ അഴിയെണ്ണുകയും ചെയ്യും,അവർക്കെതിരെ നിയമനടപടികളും ഉണ്ടാകും.
പിന്നീട് സമരം അവസാനിപ്പിക്കുകയല്ലാതെ വാങ്ചുകിനും മാർഗമില്ലാതെയായി . സമരം രാജ്യവിരുദ്ധർ ഹൈജാക്ക് ചെയ്തുവെന്ന കാര്യവും വാങ്ചുകിന് ബോധ്യപ്പെട്ടിരുന്നു. ഇനിയും സമരം തുടർന്നാൽ താൻ അടക്കം അകത്താകുമെന്നും അദ്ദേഹത്തിന് ബോധ്യമായി . ലഡാക്ക് കലാപത്തിൽ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് വാങ് ചുകിനെ അറസ്റ്റ് ചെയ്തിരുന്നത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് ലേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഏറെ പണിപ്പെട്ടാണ് അന്ന് വാങ്ചുക് പുറത്തിറങ്ങിയത്. എൻ എസ് എ ചുമത്തി അറസ്റ്റിലായാൽ ഒരു വർഷം അകത്ത് കിടക്കേണ്ടി വരുമെന്നും ബോധ്യപ്പെട്ടതോടെ വാങ്ചുക് സമരം അവസാനിപ്പിക്കുകയായിരുന്നു.
















