കൊല്ലം: ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ട് പ്രശസ്തനേടിയ ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം. മാരകായുധങ്ങളുമായി എത്തിയ സംഘം ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും കൊടി തോരണങ്ങളും നശിപ്പിച്ചു.
ക്ഷേത്രവളപ്പിലെ ആനയുടെ പ്രതിമയും റോഡിൽ സ്ഥാപിച്ചിരുന്ന കൃഷ്ണ വിഗ്രഹവും തകർത്തു.
വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ഡിവൈഎഫ് ക്രിമിനലുകൾ എത്തിയത്. ക്ഷേത്രത്തിലും പരിസരത്തും വ്യാപകമായി നാശനഷ്ടം വരുത്തിയ ശേഷമാണ് മടങ്ങിയത്. ക്ഷേത്രത്തിന് പിന്നാലെ സമീപത്തെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. വിശ്വാസികളായ രണ്ട് പേരുടെ വീടുകളാണ് ആക്രമിച്ചത്. വീടുകൾക്ക് കേടുപാടുകൾ വരുത്തിയതിന് പുറമെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും കുട്ടികളുടെ സൈക്കിളുമടക്കം സംഘം തകർത്തു.
കഴിഞ്ഞ ഓണത്തിന് ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂക്കളം ഒരുക്കിയിരുന്നു. ഇതിന് നേതൃത്വം നൽകിയ സൈനികൻ ഉൾപ്പെടെയുള്ളവരുടെ വീടുകൾക്ക് നേരെയാണ് ഇപ്പോൾ ആക്രമണമുണ്ടായിരിക്കുന്നത്.
ആക്രമണത്തിനായി എത്തിയ സംഘം വാഹനങ്ങളിൽ നിന്ന് ഇറങ്ങി ക്ഷേത്രപരിസരത്ത്അ ക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ആയുധങ്ങളുമായി സംഘം എത്തുന്നതും തുടർന്ന് ക്ഷേത്രത്തിലും സമീപത്തെ വീടുകളിലും നാശനഷ്ടമുണ്ടാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയും ആശങ്കയും നിലനിൽക്കുകയാണ്. ക്ഷേത്രത്തിലും വിശ്വാസികളുടെ വീടുകളിലും ഒരേസമയം നടന്ന ആക്രമണം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
















