കൊല്ലം: മുട്ടപ്രേമികളെയും ജിമ്മന്മാരെയും ഒരുപോലെ നിരാശയിലാക്കി കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. ഒരുമാസത്തിനിടെ മൂന്നുരൂപ വരെ വര്‍ധിച്ചതോടെ ചില്ലറവിപണിയില്‍ ആറുരൂപയ്‌ക്ക് ലഭിച്ചിരുന്ന മുട്ടയ്‌ക്ക് ഇപ്പോള്‍ ഒമ്പത് രൂപ വരെ നല്‍കേണ്ട സ്ഥിതിയാണ്. കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുന്ന തരത്തിലാണ് വിലക്കയറ്റം.
സംസ്ഥാനത്തേക്കുള്ള മുട്ടയുടെ വരവ് കുറഞ്ഞതാണ് പ്രധാന കാരണം. തമിഴ്‌നാട്ടിലെ നാമക്കലും ഹൈദരാബാദുമാണ് കേരളത്തിലേക്കുള്ള പ്രധാന വിതരണ കേന്ദ്രങ്ങള്‍. ഉത്തരേന്ത്യയിലേക്കും വിദേശരാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും വിലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി. കോഴിത്തീറ്റയുടെ വില കുതിച്ചുയര്‍ന്നതും ഉത്പാദകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഒരുമാസത്തിനിടെ 50 കിലോ തീറ്റച്ചാക്കിന് ഏകദേശം 200 രൂപയുടെ വര്‍ധനയുണ്ടായി. ഇതോടെ പലരും കോഴിവളര്‍ത്തലില്‍ നിന്ന് പിന്തിരിയുകയും ആഭ്യന്തര ഉത്പാദനം കുറയുകയും ചെയ്തു. പ്രീ-സ്റ്റാര്‍ട്ടര്‍, സ്റ്റാര്‍ട്ടര്‍, ഫിനിഷര്‍ എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് തീറ്റ നല്‍കുന്നത്. കഴിഞ്ഞ മേയില്‍ 2,450 രൂപയായിരുന്ന പ്രീ-സ്റ്റാര്‍ട്ടറിന് ഇപ്പോള്‍ 2,640 രൂപയാണ് വില. സ്റ്റാര്‍ട്ടറും 2,640 രൂപയായപ്പോള്‍ ഫിനിഷറിന്റെ വില 2,500 രൂപയിലെത്തി.
ട്രോളിംഗ് നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതും പുതിയ അധ്യയനവര്‍ഷം ആരംഭിച്ചതും മുട്ടയുടെ ആവശ്യകത വര്‍ധിപ്പിച്ചു. സ്‌കൂളുകളിലും അങ്കണവാടികളിലും മുട്ടയുടെ ഉപയോഗം കൂടിയതും വിലക്കയറ്റത്തിന് കാരണമായി. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് ദിവസേന ഏകദേശം 50 ലക്ഷം മുട്ടകളാണ് കേരളത്തിലെത്തുന്നത്. ഏപ്രില്‍-മേയ് മാസങ്ങളിലെ അതിശക്തമായ ചൂടില്‍ കോഴികള്‍ വ്യാപകമായി ചത്തൊടുങ്ങിയതും ഉത്പാദനം കുറയാന്‍ കാരണമായതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്പാദനവും വിതരണവും സാധാരണ നിലയിലാകുന്നതുവരെ മുട്ടവിലയില്‍ ആശ്വാസം പ്രതീക്ഷിക്കാനാകില്ലെന്നാണ് വിപണി വിലയിരുത്തല്‍.
















