ഹരാരെ: തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷം ഹരാരെ ക്രിക്കറ്റ് മൈതാനത്ത് ഭാരതത്തിന് വിജയം. സിംബാബ്‌വെ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഭാരതം ആതിഥേയരെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്. ഇതിന് മുമ്പ് ട്വന്റി20യില്‍ വിജയിച്ചത് കഴിഞ്ഞ മാര്‍ച്ചില്‍ ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ.
വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങിന്റെയും മായങ്ക് യാദവിന്റെ ബൗളിങ്ങിന്റെയും മികവിലാണ് ഭാരതം സിംബാബ്‌വെയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത സിംബാബ്‌വെയെ ഭാരതം 6-4 ഓവറുകള്‍ ബാക്കിയാക്കി മറികടന്നു(126/3).
ആയാസരഹിതമായ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഭാരതത്തിനായി ഇന്നിങ്‌സ് തുറന്ന വൈഭവ് 18 പന്തുകളില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. നാല് വീതം സിക്‌സും ഫോറും പറത്തി നേടിയ 50 റണ്‍സ് തികച്ച് തൊട്ടടുത്ത പന്തില്‍ വൈഭവ് പുറത്തായി. ഭാരതത്തിനായി ഇഷാന്‍ കിഷനും(35) നന്നായി കളിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(28), തിലക് വര്‍മ(ആറ്) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുന്നതിന് മായങ്ക് യാദവിന്റെ ബൗളിങ് നിര്‍ണായകമായി. നാല് ഓവര്‍ എറിഞ്ഞ മായങ്ക് 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.















