തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം പിണറായി വിജയന്‍ വിരട്ടിയതോടെ പത്തി മടക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതാവ് സ്ഥാനം വിട്ടുനല്‍കില്ലെന്ന് കഴിഞ്ഞദിവസം വരെ കടുത്ത നിലപാട് സ്വീകരിച്ച ബിനോയ് വിശ്വം പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ നിലപാട് മാറ്റി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ച് ഇനി ചര്‍ച്ചയില്ലെന്നും അത് അടഞ്ഞ അദ്ധ്യായം തന്നെയാണെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കമൊക്കെ കഴിഞ്ഞു. ഇക്കാര്യത്തില്‍ താന്‍ നേരത്തേ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ഇത് സംബന്ധിച്ച് ബിനോയ് വിശ്വത്തെ ടി.പി. രാമകൃഷ്ണന്‍ കാണുന്നതില്‍ കാര്യമില്ല. എല്‍ഡിഎഫ് യോഗം അതിന്റെ വഴിക്ക് നടക്കുമെന്നും അതില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ സ്ഥാനമല്ല മുന്നണിയുടെ കെട്ടുറപ്പാണ് വലുതെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ഉപനേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനറല്‍ സെക്രട്ടറി ഡി. രാജയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
















