* അന്താരാഷ്‌ട്ര ടെർമിനലിലെ (ടി2) വികസിപ്പിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാർക്ക് കൂടുതൽ വിപുലമായ ഷോപ്പിംഗ് സൗകര്യവും മികച്ച യാത്രാനുഭവവും.
* ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഉപഭോക്തൃ സേവനത്തിനായി എ.ഐ. (AI) അധിഷ്ഠിത റോബോട്ട് അവതരിപ്പിച്ചു. ഉൽപ്പന്ന വിവരങ്ങൾ, ഓഫറുകൾ, ഷോപ്പിംഗ് മാർഗനിർദേശം എന്നിവ റോബോട്ട് നൽകും.
* ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടുന്ന പ്രത്യേക സൂപ്പർമാർട്ട് വിഭാഗം ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ്.
തിരുവനന്തപുരം, ജൂലൈ 16, 2026: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര ടെർമിനലിലെ (ടി2) വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി. മുമ്പുണ്ടായിരുന്നതിനേക്കാൾ ഏകദേശം ഇരട്ടിയോളം വിസ്തൃതിയുള്ള പുതിയ ഷോപ്പിൽ കൂടുതൽ വിപുലമായ ഉൽപ്പന്ന ശേഖരം, നൂതന ഡിജിറ്റൽ സൗകര്യങ്ങൾ, ആകർഷകമായ പ്രത്യേക ഓഫറുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് കൂടുതൽ മികച്ച ഷോപ്പിംഗ് അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.
നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രധാന ആകർഷണമാണ് കേരളത്തിലെ ആദ്യത്തെ എ.ഐ. അധിഷ്ഠിത ഉപഭോക്തൃ സേവന റോബോട്ട്. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, നിലവിലുള്ള ഓഫറുകൾ, ഷോപ്പിംഗിനുള്ള മാർഗനിർദേശങ്ങൾ എന്നിവ റോബോട്ട് യാത്രക്കാർക്ക് നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ₹500, ₹1,000 മൂല്യമുള്ള പ്രത്യേക ഡിജിറ്റൽ ഗിഫ്റ്റ് വൗച്ചറുകളും റോബോട്ട് നൽകും.
പുതുതായി വികസിപ്പിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിൽ അന്താരാഷ്‌ട്ര ബ്രാൻഡുകളുടെയും പ്രീമിയം ഉൽപ്പന്നങ്ങളുടെയും കൂടുതൽ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഫാഷൻ ബാഗുകൾ, സൺഗ്ലാസുകൾ, വാച്ചുകൾ തുടങ്ങിയ പുതിയ ലൈഫ്‌സ്റ്റൈൽ വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് മുമ്പത്തേക്കാൾ കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭ്യമാകും.
കേരളത്തിലെ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ രംഗത്ത് ആദ്യമായി, ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടുന്ന പ്രത്യേക സൂപ്പർമാർട്ട് വിഭാഗവും ആരംഭിച്ചിട്ടുണ്ട്. യാത്രയ്‌ക്കും ദൈനംദിന ആവശ്യങ്ങൾക്കും വേണ്ട വിവിധ ഉൽപ്പന്നങ്ങൾ ഒരേ സ്ഥലത്ത് നിന്ന് വാങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
“ലോകോത്തര നിലവാരമുള്ള റീട്ടെയിൽ സേവനങ്ങൾ, ഡിജിറ്റൽ നവീകരണം, ഉപഭോക്തൃകേന്ദ്രീകൃത സേവനങ്ങൾ എന്നിവയിലൂടെ യാത്രക്കാരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ്. കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി പുതിയ സംവിധാനങ്ങളിലൂടെ വിമാനത്താവള റീട്ടെയിൽ രംഗത്ത് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തെ രാജ്യത്തെ പ്രമുഖ അന്താരാഷ്‌ട്ര പ്രവേശന കവാടങ്ങളിലൊന്നായി കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായിക്കും.”- വിമാനത്താവള വക്താവ് പറഞ്ഞു.
ഡിജിറ്റൽ സേവനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനത്തിന്റെ ഭാഗമായി, വാട്ട്‌സ്ആപ്പ് വഴി ഡിജിറ്റലായി ഒപ്പിട്ട ഇൻവോയ്സ് നൽകുന്ന കേരളത്തിലെ ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പായും ഇത് മാറി. ഇതിലൂടെ ഉപഭോക്താക്കൾക്ക് പേപ്പർ രഹിതവും ലളിതവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അനുഭവം ലഭിക്കും.
യാത്രക്കാർക്കായി നിരവധി പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഉറപ്പായ സമ്മാനം ലഭിക്കും (നിബന്ധനകൾ ബാധകം). കൂടാതെ, നിശ്ചിത തുകയ്‌ക്ക് മുകളിലുള്ള ഡ്യൂട്ടി ഫ്രീ വാങ്ങലുകൾ നടത്തുന്നവർക്ക് ₹4,999 വിലമതിക്കുന്ന പ്രീമിയം സ്ട്രോളി സൗജന്യമായി ലഭിക്കും (നിബന്ധനകൾ ബാധകം).
















