
അയോധ്യ കേവലം ഒരു നിക്ഷേപമല്ല, മറിച്ച് തലമുറകളിലേക്ക് കൈമാറേണ്ട പൈതൃകമാണെന്ന് പറഞ്ഞ താരമാണ് അമിതാഭ് ബച്ചൻ. അയോധ്യയിൽ ബച്ചൻ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിലെ രസകരമായ കഥ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമ. ‘ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ’ എന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമ അഭിനന്ദൻ ലോധയാണ് ബിഗ് ബിയുമായുള്ള ഈ അവിശ്വസനീയമായ ഇടപാടിന്റെ ഓർമ്മകൾ ഒരു ബിസിനസ് ഉച്ചകോടിക്കിടെ പങ്കുവെച്ചത്.
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നത് 2024 ജനുവരിയിലായിരുന്നു. ഏതാണ്ട് അതേസമയത്ത് തന്നെയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ അയോധ്യയിൽ ഭൂമി വാങ്ങിയതും. രാമക്ഷേത്ര പരിസരത്ത് ഭൂമി വാങ്ങിയ ആദ്യവ്യക്തികളിൽ ഒരാളാണ് അമിതാഭ്. പതിനായിരം ചതുരശ്ര അടി സ്ഥലമാണ് അന്ന് ബച്ചൻ വാങ്ങിയത്.
താന്‍ അന്ന് ഒസ്‌ട്രേലിയയിൽ ആയിരുന്നുവെന്ന് അഭിനന്ദന്‍ ലോധ പറയുന്നു. പുലർച്ചെ 3 മണിക്ക് മൊബൈലിലേക്ക് മിസ്ഡ് കോളുകളും മെസ്സേജുകളും വരുന്നു. എടുത്ത് നോക്കുമ്പോൾ ‘ഞാൻ അമിതാഭ് ബച്ചനാണ്, സൗകര്യപ്പെടുമ്പോൾ ദയവായി തിരിച്ചു വിളിക്കണം’ എന്നൊരു സന്ദേശമാണ് കണ്ടത്. ലോധ ഒട്ടും ആലോചിക്കാതെ തിരിച്ചുവിളിച്ചു.
‘ഞാൻ ഉത്തർപ്രദേശുകാരനാണ്, എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ എന്നായിരുന്നത്രെ ബച്ചന്റെ ആവശ്യം. തുടർന്ന് വിലയെക്കുറിച്ച് ചോദിച്ചപ്പോൾ, താങ്കളോട് ഞാൻ എങ്ങനെ വില പറയും എന്ന് ലോധ മറുപടി പറഞ്ഞു. എന്നാൽ 15,000 ചതുരശ്ര അടി സ്ഥലം വേണമെന്ന് ബച്ചൻ ആവശ്യപ്പെട്ടപ്പോൾ അതിന് ഏകദേശം 15 കോടി രൂപയാകും എന്ന് വ്യക്തമാക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം തന്നെ അമിതാഭ് ബച്ചൻ 15 കോടി രൂപ മുഴുവനായി തനിക്ക് അയച്ചു നൽകുകയായിരുന്നുവെന്ന് അഭിനന്ദൻ ലോധ പറയുന്നു.