
വാന്‍കൂവര്‍: മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയ്‌ക്കെതിരേ സ്വിറ്റ്‌സര്‍ലന്‍ഡ്. മുരാത് യാക്കിന്‍ എന്ന പരിശീലകന് കീഴില്‍ അതീവ അച്ചടക്കമുള്ള പ്രതിരോധ ശൈലിയാണ് സ്വിറ്റ്സര്‍ലന്‍ഡ് കാഴ്ചവെക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം മാനുവല്‍ അകാഞ്ചി നയിക്കുന്ന പ്രതിരോധ നിരയാണ് അവരുടെ പ്രധാന കരുത്ത്. കളി നിയന്ത്രിക്കാനും ആവശ്യമെങ്കില്‍ കൗണ്ടര്‍ അറ്റാക്കുകള്‍ തടയാനും അകാഞ്ചിയുടെ സാന്നിധ്യം സ്വിസ് പടയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്നു.
ക്യാപ്റ്റന്‍ ഗ്രാനിറ്റ് ഷാക്കയാണ് ടീമിന്റെ എന്‍ജിന്‍. മധ്യനിരയില്‍ കളി മെനയുന്നതിലും കൊളംബിയന്‍ മുന്നേറ്റങ്ങളുടെ വേഗത കുറയ്‌ക്കുന്നതിലും ഷാക്കയുടെ പരിചയസമ്പത്ത് നിര്‍ണ്ണായകമാകും. ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളിലൊരാളായ യൊഹാന്‍ മാന്‍സാംബിയിലാണ് ആരാധകരുടെ പ്രതീക്ഷ. മധ്യനിരയില്‍ നിന്ന് മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കാനും ഗോളുകള്‍ നേടാനും ഈ 20 കാരന് പ്രത്യേക കഴിവുണ്ട്.
നെസ്റ്റര്‍ ലോറെന്‍സോയുടെ കീഴില്‍ അതിവേഗത്തിലുള്ള വിംഗുകളിലൂടെയുള്ള ആക്രമണമാണ് കൊളംബിയയുടെ ശൈലി. ലിവര്‍പൂള്‍ താരം ലൂയിസ് ഡയസിന്റെ വേഗതയും പന്തുമായി ബോക്സിലേക്ക് കുതിക്കാനുള്ള ശേഷിയുമാണ് സ്വിസ് പ്രതിരോധത്തിന് ഏറ്റവും വലിയ ഭീഷണി.
വെറ്ററന്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ കൃത്യതയാര്‍ന്ന പാസുകളും ഫ്രീകിക്കുകളും കോര്‍ണറുകളും കൊളംബിയയ്‌ക്ക് വലിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. സെറ്റ്പീസുകളില്‍ നിന്ന് ഗോളുകള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രത്യേക മിടുക്കുണ്ട്.
ടൂര്‍ണമെന്റില്‍ ഇതുവരെ 3 ക്ലീന്‍ ഷീറ്റുകള്‍ നേടിയ കൊളംബിയ പ്രതിരോധത്തിലും മോശമല്ല. ഡാവിന്‍സണ്‍ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ബാക്ക്ലൈന്‍ ശക്തമാണ്. കൊളംബിയയുടെ പ്രധാന സട്രൈക്കര്‍ ജോണ്‍ കോര്‍ഡോബ പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്. പകരക്കാരനായി ഇറങ്ങുന്ന ലൂയിസ് സുവാരസിന് ആ വിടവ് നികത്താന്‍ കഴിയുമോ എന്നത് കണ്ടറിയണം. ഇരു ടീമുകളും പ്രതിരോധത്തിന് മുന്‍ഗണന നല്‍കുന്നവരായതിനാല്‍ മത്സരം 90 മിനിറ്റില്‍ ഒതുങ്ങാന്‍ സാധ്യത കുറവാണ്. എക്സ്ട്രാ ടൈമിലേക്കോ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കോ നീങ്ങിയാല്‍ ഗോള്‍കീപ്പര്‍മാരായ ഗ്രെഗര്‍ കോബലിന്റെയും (സ്വിറ്റ്സര്‍ലന്‍ഡ്) കാമിലോ വര്‍ഗാസിന്റെയും (കൊളംബിയ) പ്രകടനം നിര്‍ണ്ണായകമാകും.
സാധ്യത ഇലവന്‍
സ്വിറ്റ്സര്‍ലന്‍ഡ്: 4-2-3-1:
ഗ്രെഗര്‍ കോബല്‍, ഡെനിസ് സക്കറിയ, നിക്കോ എല്‍വേദി, മാനുവല്‍ അകാഞ്ചി, റിക്കാര്‍ഡോ റോഡ്രിഗസ്; ഗ്രാനിറ്റ് ഷാക്ക, റെമോ ഫ്രൂലര്‍; ഡാന്‍ എന്‍ഡോയ്, യൊഹാന്‍ മാന്‍സാംബി, റൂബന്‍ വര്‍ഗാസ് ബ്രീല്‍ എംബോളോ.
കൊളംബിയ 4-3-3
കാമിലോ വര്‍ഗാസ്, ഡാനിയല്‍ മുനോസ്, ഡാവിന്‍സണ്‍ സാഞ്ചസ്, ജോണ്‍ ലുകൂമി, ജോഹാന്‍ മോജിക്ക; ഗുസ്താവോ പ്യൂര്‍ട്ട, ജെഫേഴ്സണ്‍ ലെര്‍മ, ജോണ്‍ അരിയാസ്; ജെയിംസ് റോഡ്രിഗസ്, ലൂയിസ് സുവാരസ്, ലൂയിസ് ഡയസ്