ലഖ്‌നൗ: അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഭാരതത്തിന് 170 റണ്‍സിന്റെ കൂറ്റന്‍ വിജയം. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച ഭാരതം പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഭാരതം 49.5 ഓവറില്‍ 402 റണ്‍സെടുത്ത് പുറത്തായി. അഫ്ഗാന്‍ ഇന്നിങ്‌സ് 44.3 ഓവറില്‍ 232 റണ്‍സിന് അവസാനിച്ചു.
ശുഭ്മാന്‍ ഗില്ലും (154) ഇഷാന്‍ കിഷനും (125) നേടിയ സെഞ്ചുറി മികവിലാണ് വമ്പന്‍ ടോട്ടല്‍ പടുത്തത്. അഫ്ഗാന് വേണ്ടി നാന്‍ഗോലിയ ഖറോട്ടി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. അഫ്ഗാന്‍ നിരയില്‍ റഹ്‌മത്ത് ഷാ (79) മാത്രമാണ് 50ന് മേല്‍ സ്‌കോര്‍ ചെയ്തത്. സെദിഖുല്ല അടല്‍ (42), ഓപ്പണര്‍ റഹ്‌മത്തുല്ലാ ഗുര്‍ബാസ് (41) എന്നിവരും മികച്ചു നിന്നു. ഭാരത ബൗളര്‍മാരായ അര്‍ഷദീപ് സിങ്ങും ഗുര്‍ണൂര്‍ ബ്രാറും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.















