അറ്റ്ലാന്റ: 2010ലെ ലോക ചാമ്പ്യന്മാരായ സ്പെയിന്‍ ഈ ലോകകപ്പിലെ മത്സരത്തിന് ഇന്ന് ഇറങ്ങുന്നു. ആദ്യമായി ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന കേപ് വെര്‍ദെയാണ് എതിരാളികള്‍.
ലോകകപ്പില്‍ സ്പെയിന്‍ ഇറങ്ങുന്നത് 17-ാം തവണ. 1978ലെ അര്‍ജന്റൈന്‍ ലോകകപ്പ് മുതല്‍ സ്ഥിരം സാന്നിധ്യം. 2010-ല്‍ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായി. 1934ലെ രണ്ടാം ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയും 1950ലെ ലോകകപ്പില്‍ നാലാം സ്ഥാനക്കാരുമായി. തുടര്‍ന്നുള്ള രണ്ട് ലോകകപ്പുകളില്‍ യോഗ്യത നേടിയില്ല. പിന്നീട് 1970, 1974 ലോകകപ്പുകളിലും യോഗ്യത നേടിയില്ല. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും സ്പാനിഷ് കുതിപ്പ് പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചു. ഇത്തവണ ലൂയിസ് ഡെ ലാ ഫുവന്റെയുടെ പരിശീലനത്തിലാണ് ലോകകപ്പിനിറങ്ങുന്നത്. നിലവിലെ യൂറോ ചാമ്പ്യന്‍മാരുമാണ് സ്പെയിന്‍.
ഒരു കളിയും തോല്‍ക്കാതെ യോഗ്യത
യുവേഫ യോഗ്യതാ റൗണ്ടില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് സ്പാനിഷ് ചെമ്പട 23-ാം ലോകകപ്പിനെത്തുന്നത്. ഗ്രൂപ്പ് ഇയില്‍ കളിച്ച ആറില്‍ അഞ്ചിലും വിജയിക്കുകയും ഒന്നില്‍ സമനില പാലിക്കുകയും ചെയ്ത് 16 പോയിന്റുമായാണ് സ്പെയിന്‍ അമേരിക്കന്‍ ടിക്കറ്റ് സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ 21 ഗോളടിച്ച അവര്‍ വഴങ്ങിയത് വെറും രണ്ടെണ്ണം മാത്രം. ആറ് ഗോളുകള്‍ വീതം നേടിയ മൈക്കല്‍ മെറിനോയും മൈക്കല്‍ ഒയാര്‍സബലുമാണ് യോഗ്യതാ റൗണ്ടില്‍ സ്പെയിനിന്റെ ടോപ് സ്‌കോറര്‍മാര്‍.
സന്തുലിതമായ ടീം
തുടര്‍ച്ചയായി 30 മത്സരങ്ങളില്‍ അപരാജിതരായാണ് സ്പെയിന്‍ ഇത്തവണ ലോകകപ്പിനെത്തുന്നത്. 2024-ല്‍ കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തില്‍ 1-0ന് പരാജയപ്പെട്ടശേഷം ഒരു ടീമിനും അവരെ പരാജയപ്പെടുത്താനായിട്ടില്ല. അത്ര മികച്ചതാണ് സ്പാനിഷ് ടീം.
അതിശക്തമായ പ്രതിരോധനിരയും മധ്യ-മുന്നേറ്റ നിരയുമാണ് സ്പെയിനിന്റെ കരുത്ത്. ഗോള്‍വലയ്‌ക്ക് മുന്നില്‍ ഉനായി സിമോണ്‍ എത്തുമ്പോള്‍ പ്രതിരോധത്തില്‍ കോട്ടകെട്ടാന്‍ മാര്‍ക്കോസ് ലോറന്റെ, ക്യൃബാര്‍സി, ലപോര്‍ട്ടെ, മാര്‍ക്ക് കുക്കുറെല്ല എന്നിവര്‍ എത്തുമ്പോള്‍ മധ്യനിരയില്‍ കളി മെനയുന്നത് റോഡ്രി, പെഡ്രി, ഫാബിയന്‍ റൂയിസ് എന്നിവരും മുന്നേറ്റത്തില്‍ ഫെറാന്‍ ടോറസ്, മൈക്കല്‍ ഒയാര്‍സബല്‍, ഡാനി ഓള്‍മോ എന്നിവരും ഇറങ്ങും. എന്നാല്‍ 18കാരന്‍ ലാമിനെ യമാലാണ് ടീമിലെ സൂപ്പര്‍ താരം. പരിക്കിന്റെ പിടിയിലാതിനാല്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ യമാല്‍ ഇറങ്ങില്ലെന്നാണ് സൂചന. കേപ് വെര്‍ദെ താരങ്ങള്‍ക്ക് സ്പാനിഷ് ചെമ്പടയെ എത്രത്തോളം പിടിച്ചുകെട്ടാന്‍ സാധിക്കും എന്നതേ അറിയാനുള്ളൂ. നിലവില്‍ ഫിഫ റാങ്കിങ്ങില്‍ രണ്ടാമതാണ് സ്പെയിന്‍.
സാധ്യതാ ഇലവന്‍: ഉനായി സിമോണ്‍, മാര്‍ക്കോസ് ലോറന്റെ, ക്യൃബാര്‍സി, ലപോര്‍ട്ടെ, മാര്‍ക്ക് കുക്കുറെല്ല, റോഡ്രി, പെഡ്രി, ഫാബിയന്‍ റൂയിസ്, ഫെറാന്‍ ടോറസ്, മൈക്കല്‍ ഒയാര്‍സബല്‍, ഡാനി ഓള്‍മോ.
















