Kerala

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വികസിതകേരളം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കര്‍ഷകക്ഷേമത്തിനുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തി.

കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നേമം (തിരുവനന്തപുരം സൗത്ത്) ടെര്‍മിനല്‍ പദ്ധതിയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. പദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കേരളത്തിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ ആധുനികവത്കരിക്കുക, വിവിധ സ്റ്റേഷനുകളില്‍ പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുക, യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക, സംസ്ഥാനത്തെ റെയില്‍ ഗതാഗത സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. കേരളത്തിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക യാത്രാസൗകര്യങ്ങളും ഉറപ്പാക്കുകയെന്നതാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്ന വികസന കാഴ്ചപ്പാടെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി. രാജേഷ് സമീപം

കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാനുമായി കൃഷി ഭവനില്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി. രാജേഷും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളും കാര്‍ഷിക മേഖലയിലെ വെല്ലുവിളികളും ചര്‍ച്ചയായി. കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് ഭരണത്തിലിരുന്ന സിപിഎം സര്‍ക്കാര്‍ കര്‍ഷക പ്രശ്നങ്ങളോട് അവഗണനാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും, പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് അതിന് മൗനാനുവാദം നല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് നീതിയും ആവശ്യമായ പിന്തുണയും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലും സഹായവും അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം അറിയിച്ചു.

വികസിത തിരുവനന്തപുരവും വികസിത കേരളവും എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷികമേഖലയിലെ നവീകരണം, തൊഴിലവസരസൃഷ്ടി, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കേന്ദ്രമന്ത്രിമാരുമായി പങ്കുവെച്ചു. കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ആവശ്യമായ പദ്ധതികള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയും സംസ്ഥാനത്തിന്റെ ഭാവി ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്ന പ്രവര്‍ത്തന മികവിന്റെ രാഷ്‌ട്രീയമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത തിരുവനന്തപുരവും വികസിത കേരളവും എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.