കോഴിക്കോട്: ഫാത്തിമ തെഹ്ലിയ ഹിന്ദുസമുദായത്തിലെ വോട്ടര്‍മാരുടെ കൂടി വോട്ട് നേടിയാണ് ജയിച്ചതെങ്കിലും ഇനി വിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനത്തിന് ഫാത്തിമ തെഹ്ലിയയെ ക്ഷണിക്കരുതെന്ന് സമൂഹമാധ്യമ കമന്‍റുകള്‍. ഒരു ചടങ്ങില്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ഫാത്തിമ തെഹ്ലിയയെ ജമാഅത്തെ ഇസ്ലാമിയുടെയും സമസ്തയുടെയും നേതാക്കള്‍ തുടര്‍ച്ചയായി വിമര്‍ശിക്കുകയാണ്. ഇസ്ലാമിലെ നിയമങ്ങള്‍ക്ക് എതിരാണ് വിളക്ക് കൊളുത്തല്‍ എന്നാണ് മതനേതാക്കള്‍ പറയുന്നത്. ഇതിനെതിരെ തന്റെ തീരുമാനം ഇതുവരെ ഫാത്തിമ തെഹ്ലിയ വ്യക്തമാക്കാത്തതിനാല്‍ ഫാത്തിമ ഇവരുടെ തിട്ടൂരത്തിന് കീഴടങ്ങി എന്നാണ് കരുതുന്നത്.
ഇതര മതസ്ഥരുടെ ആചാരങ്ങളും അനിസ്ലാമികമായ കാര്യങ്ങളും മുസ്ലിങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത മുശാവറ യോഗം താക്കീത് ചെയ്തിരിക്കുന്നത്. പരിശുദ്ധ ഇസ്ലാമിന്റെ അടിസ്ഥാനമില്ലാത്തതും ഇതരമതക്കാര്‍ അവരുടെ മതാചാരമായി നിര്‍വ്വഹിച്ചുവരുന്ന ആചാരങ്ങളും ചടങ്ങുകളും മുസ്ലിങ്ങള്‍ വര്‍ജ്ജിക്കണമെന്ന് മുശാവറ സമസ്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇത്തരം പ്രവർത്തികൾ ഇസ്ലാമിക വിശ്വാസങ്ങൾക്ക് എതിരാണെന്നും സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും സമസ്ത മുന്നറിയിപ്പ് നൽകി. മറ്റ് വിളക്കുകളെ പോലെ വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധിയെന്ന നിലയിൽ മാത്രം നിലവിളക്ക് ഉപയോഗിക്കുന്നത് അനുവദനീയമാണെന്നും അല്ലാതെ സമസ്ത വിശദീകരിച്ചു
നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ ഫാത്തിമ തെഹ്ലിയയെ വിമര്‍ശിച്ച് ഇസ്ലാമിക പണ്ഡിതന്‍ ഹുസൈന്‍ സലഫിയും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ടി.കെ. അഷ്റഫും നേരത്തെ വിമര്‍ശിച്ചിരുന്നു.
പേരാമ്പ്രയിലെ ഒരു ഫാമിലി റസ്റ്റോറന്‍റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിലാണ് ഫാത്തിമ തെഹ്ലിയ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. പേരാമ്പ്രയിൽ നിന്നും സി.പി.എം നേതാവായ ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് 34-ാം വയസ്സിൽ അവർ നിയമസഭയിലെത്തിയത്. മുസ്ലിം ലീഗിലെ ആദ്യ വനിതാ എംഎല്‍എമാരില്‍ ഒരാള്‍ എന്ന പ്രത്യേകതയും ഫാത്തിമ തെഹ്ലിയയ്‌ക്കുണ്ടായിരുന്നു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഫാത്തിമ തെഹ്ലിയ ഭരണഘടനാപരമായി ഉറപ്പുനല്‍കിയത് എല്ലാവരോടും വിവേചനമില്ലാതെ പെരുമാറും എന്നാണ്. പക്ഷെ നിലവിളക്ക് കൊളുത്തുന്നത് ഉപേക്ഷിക്കുന്നതോടെ ആ ഉറപ്പ് ലംഘിക്കപ്പെടുകയാണോ?
















