തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് തെറ്റുതിരുത്തല്‍ നടപടിയിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം വിപുലീകൃത സംസ്ഥാന സമിതി വിളിക്കും. ആഗസ്റ്റിലാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുക. സ്ഥലം എവിടെയെന്ന് തീരുമാനിച്ചിട്ടില്ല. പ്രത്യേക പ്ലീനം വിളിക്കണമെന്നായിരുന്നു കേന്ദ്രകമ്മിറ്റിയിലടക്കം അഭിപ്രായം ഉയര്‍ന്നത്. പശ്ചിമ ബംഗാളില്‍ പ്രത്യേക പ്ലീനം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ പ്ലീനം വിളിക്കേണ്ടെന്നാണ് തീരുമാനം.
അതേസമയം വര്‍ഗീയതയോട് സ്വീകരിച്ച അഴകൊഴമ്പന്‍ സമീപനം അവസാനിപ്പിക്കാന്‍ സംസ്ഥാന സമിതിയില്‍ തീരുമാനമായി. എല്ലാത്തരം വര്‍ഗീയതയെയും ശക്തമായ എതിര്‍ക്കും. മുസ്ലിം ലീഗിന്റെ വര്‍ഗീയ സമീപനം തുറന്നു കാട്ടും. വെള്ളാപ്പള്ളി നടേശനെ ശക്തമായി തള്ളിപ്പറയും. റിപ്പോര്‍ട്ടിലെ വെള്ളാപ്പള്ളി പരാമര്‍ശത്തിന് കടുപ്പം പോരെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.
തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ന്നയത്തിലെ പാളിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. പയ്യന്നൂരില്‍ ആരോപണ വിധേയനായ ടി ഐ മധുസൂദനനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാളിച്ചയായെന്നാണ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളില്‍ ഭരണവിരുദ്ധവികാരവും ഉണ്ടെന്ന് സിപിഎം സമ്മതിച്ചിരുന്നു. സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
















