മലപ്പുറം: മലപ്പുറം കോഹിനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തൃശൂർ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന ബന്ധു ജഹാൻ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച അർധരാത്രി 12ന് മലപ്പുറം കോഹിനൂരിൽ ദേശീയപാത 66ലാണ് അപകടമുണ്ടായത്. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണ സംഭവമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
















