
കൊച്ചി: എറണാകുളത്ത് വയോധിക മരിച്ചത് എച്ച്1എന്‍1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് (75) ബുധനാഴ്ച പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അതേസമയം, കൂടുതല്‍ പരിശോധനാഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇത് എച്ച്1എന്‍1 ബാധിച്ചുള്ള മരണമാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ആരോഗ്യവകുപ്പ് ജില്ലാ അധികൃതര്‍ പറഞ്ഞു.
കടുത്ത പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് മേയ് 30നാണ് വയോധികയെ പാലാരിവട്ടത്തെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായി ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു.
ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ ഇവര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചിരുന്നതായും ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി കൂടുതല്‍ പരിശോധനകളുടെ ഫലം കൂടി അറിയേണ്ടതുണ്ട്.