Kerala

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: നാളത്തെ ഭാരതത്തെ നയിക്കേണ്ട യുവതലമുറയ്‌ക്ക് മാധവജിയെക്കുറിച്ചും അദ്ദേഹത്തിന്റെ സന്ദേശങ്ങളും പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണെന്ന് ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തില്‍ മാധവ്ജി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളം കണ്ട വലിയ ഒരു മഹാത്മാവാണ് മാധവ്ജി. സാധാരണക്കാരായ ഹിന്ദുക്കള്‍ക്ക് അദ്ദേഹം സനാതന ധര്‍മത്തെക്കുറിച്ചുള്ള ശരിയായ അറിവ് പകര്‍ന്നു നല്‍കി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് കേരളത്തില്‍ വേരുകളുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിന് വേണ്ടി സ്വയം ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ്. തന്ത്രവിദ്യയുടെ മേഖലയില്‍ മറ്റാര്‍ക്കും കഴിയാത്ത മികവും നേട്ടവും ഉണ്ടാക്കാന്‍ പ്രചാരകനായിരുന്നുകൊണ്ടുതന്നെ മാധവ്ജിക്ക് സാധിച്ചു. ഒരു സമൂഹത്തെ വൈകാരികമായി ഉത്തേജകരാക്കാനും അതോടൊപ്പം വൈചാരികമായി സജ്ജരാക്കാനും ഒരുപോലെ കഴിഞ്ഞിരുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഈ വര്‍ഷത്തെ മാധവ്ജി പുരസ്‌കാരം ശ്രേഷ്ഠാചാരസഭ ആചാര്യന്‍ എം.ടി. വിശ്വനാഥന് മുന്‍ ഡിജിപി ഡോ. ടി.പി.സെന്‍കുമാര്‍ സമ്മാനിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളില്‍ അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. അരുണ്‍ ജോഷി സ്വാഗതവും മാതൃസമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പലത നന്ദിയും പറഞ്ഞു