കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയീ മഠത്തിന്റെ ഈ വര്‍ഷത്തെ അമൃത കീര്‍ത്തി പുരസ്‌കാരത്തിന്മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള അര്‍ഹനായി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീ ശില്‍പവും പ്രശംസാ പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
മാതാ അമൃതാനന്ദമയീ മഠത്തിന്റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി 26ന് വൈകിട്ട് കൊല്ലം അമൃതപുരി അമൃത വിശ്വവിദ്യാപീഠം കാംപസില്‍ പുരസ്‌കാരം സമ്മാനിക്കും. സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷനും ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. എം. ലക്ഷ്മീകുമാരി,സ്വാമി തുരീയാമൃതാനന്ദപുരി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ഈശ്വരനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധമാണ് ആധ്യാത്മികതയുടെ കാതലെന്ന വീക്ഷണം ശ്രീധരന്‍ പിള്ളയുടെ ജീവിതത്തിലും എഴുത്തുകളിലും പ്രസംഗങ്ങളിലുമെല്ലാം തെളിഞ്ഞുകാണാമെന്ന് സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു.
അമ്മയുടെ അനുഗ്രഹമായാണ് പുരസ്‌കാരലബ്ധിയെ കാണുന്നതെന്ന് അഡ്വ. ശ്രീധരന്‍പിള്ള പറഞ്ഞു.
















