സിഡ്നി: മസാജ് പാര്‍ലറിലെത്തിയ 61 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഭാരതീയന് കഠിനതടവ്. ദല്‍ഹി സ്വദേശിയായ സുമിത് സതീഷ് റസ്ത്തോഗി (39)യെയാണ് സൗത്ത് ഓസ്ട്രേലിയ ജില്ലാ കോടതി 13 വര്‍ഷവും 10 മാസവും തടവിന് ശിക്ഷിച്ചത്. ഇതില്‍ പത്ത് വര്‍ഷവും പത്ത് മാസവും പരോളില്ലെന്നും ഉത്തരവില്‍ പറയുന്നു. തടവ് ശിക്ഷയ്‌ക്ക് ശേഷം ഇയാളെ ഓസ്ട്രേലിയയില്‍ നിന്ന് നാടുകടത്തും.
2021 ഒക്ടോബര്‍ മുതല്‍ 2022 ജൂലൈ വരെയാണ് അഡെലെയ്ഡിലെ ഒരു മസാജ് പാര്‍ലറില്‍ പ്രതി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തത്. മസാജ് പാര്‍ലറിലെത്തിയ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി, ചില സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങളും രഹസ്യമായി പകര്‍ത്തിയിരുന്നു. 2022 ജൂലൈയിലാണ് ഇയാള്‍ അറസ്റ്റിലായത്.
2011ലാണ് സുമിത് സതീഷ് റസ്ത്തോഗി ദല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയില്‍ എത്തിയത്. മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്ന പ്രതിക്ക് ഇതിനുള്ള യോഗ്യതയില്ലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
















