തിരുവനന്തപുരം : ‘വന്ദേമാതരം’ ആലപിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി ലോക്ഭവൻ. മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല. സ്വാതന്ത്ര്യദിനാഘോഷത്തിൽ പൂർണ്ണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി കത്ത് നൽകിയത് ഗവർണറുടെ നിർദേശ പ്രകാരമല്ല. പ്രത്യേകമായി അങ്ങനൊരു കത്ത് നൽകേണ്ട സാഹചര്യമില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി. ലോക്ഭവൻ നിർദേശ പ്രകാരമാണ് കത്തെന്ന് മന്ത്രി എൻ ഷംസുദ്ദീൻ ഇന്നലെ പറഞ്ഞിരുന്നു
വന്ദേമാതരം പൂർണ്ണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ഈ നിലപാടിന് പിന്നാലെയാണ് ലോക്ഭവൻ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗം പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലറിൽ ദേശീയ ഗാനം ആലപിക്കുന്നതിനെ കുറിച്ച് മാത്രമാണ് പരാമർശമുള്ളത്; വന്ദേമാതരത്തെക്കുറിച്ച് നിർദ്ദേശങ്ങളൊന്നും ഇല്ലായിരുന്നു.
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരങ്ക ചടങ്ങുകളിൽ വന്ദേ മാതരം മുഴുവനായി പാടണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. കേന്ദ്ര സാസ്ക്കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് നടപടി. ഓഗസ്റ്റ് 9 മുതൽ 17 വരെയുളള്ള വിവിധ പരിപാടികളിൽ പാടാനാണ് നിർദേശം











