വിചിത്രവീര്യന്റെ സഹധര്‍മ്മിണികളില്‍ സന്തതികളെ ജനിപ്പിക്കാമെന്ന് സമ്മതിച്ച വ്യാസനോട് സത്യവതി പറഞ്ഞത് രാജഭരണം നടത്താന്‍ സര്‍വയോഗ്യതകളും തികഞ്ഞ സര്‍വജ്ഞനായ പുത്രനെയാകണം ജനിപ്പിക്കേണ്ടത് എന്നതായിരുന്നു. വംശം നിലനിര്‍ത്താന്‍ ഈ പ്രക്രിയ അനിവാര്യമാണെന്നും, ഇതില്‍ ധര്‍മ്മച്യുതി ഇല്ലെന്നും അംബികയെ ബോധ്യപ്പെടുത്താനും സത്യവതിക്ക് കഴിഞ്ഞു.
അംബികയുടെ അന്തപുരത്തില്‍ നിശ്ചയിച്ചതുപോലെ രാത്രിയില്‍ വ്യാസനെത്തി. സുന്ദരനായ ഒരു പുരുഷനെ സ്വപ്നം കണ്ടുകൊണ്ടായിരുന്നു അംബികയുടെ കാത്തിരിപ്പ്. അത് ഭീഷ്മരോ അതല്ലെങ്കില്‍ മറ്റ് കുരുപുംഗവന്മാരോ ആയിരിക്കും എന്നാണ് സുന്ദരിയായ അംബിക പ്രതീക്ഷിച്ചിരുന്നത്. ഈ ആകാംക്ഷയ്‌ക്ക് വിരാമമിട്ടുകൊണ്ടാണ് വ്യാസന്‍ ആഗതനായത്. ജടാവല്‍കല ധാരിയായ വ്യാസനെ കണ്ടതോടെ തന്റെ പ്രതീക്ഷകള്‍ നഷ്ടമായതിന്റെ നിരാശയോടെ അംബിക കണ്ണുകള്‍ പൊത്തി. വ്യാസന്റെ വൈരൂപ്യം സഹിക്കാന്‍ അംബികയ്‌ക്ക് കഴിഞ്ഞില്ല. പേടിച്ച് കണ്ണടച്ചുകിടന്ന കാശിരാജപുത്രിയുമായി സംഗംചെയ്ത വ്യാസന്‍ ദൗത്യം പൂര്‍ത്തിയാക്കി പുറത്തേക്ക് വന്നു. ”ചക്രവര്‍ത്തിയോഗമുള്ള സര്‍വജ്ഞനായ പുത്രന്‍ പിറക്കില്ലേ” എന്ന സത്യവതിയുടെ അന്വേഷണത്തിന് ‘ഇല്ല’ എന്നായിരുന്നു വ്യാസന്റെ മറുപടി. ”മകനെ നിന്നെ നിയോഗിച്ചത് അതിനുവേണ്ടി ആയിരുന്നില്ലേ.” വീണ്ടും സത്യവതിയുടെ ചോദ്യം. ”രാജ്യം ഭരിക്കാന്‍ യോഗ്യത ഇല്ലാത്ത പതിനായിരം ആനയുടെ ശരീരബലമുള്ള അന്ധനായ പുത്രന്‍ അംബികയില്‍ ജനിക്കും.” വ്യാസന്റെ മറുപടി ഇതായിരുന്നു.
ഭൗതിക പ്രധാനമായ ജീവിതം നയിക്കുന്നവരാണ് കൊട്ടാരത്തിലെ സ്ത്രീകളും പുരുഷന്മാരും. അതിനാലാണ് വിചിത്രവീര്യന്റെ സഹധര്‍മ്മിണിമാര്‍ വ്രതാനുഷ്ഠാനം നടത്തണമെന്ന് വ്യാസന്‍ നിര്‍ദ്ദേശിച്ചത്. സന്തതികളെ ജനിപ്പിക്കുന്നതിനുള്ള കര്‍മ്മം യജ്ഞഭാവനയോടെ വേണം അനുഷ്ഠിക്കേണ്ടത്. വ്രതമനുഷ്ഠിക്കുന്നതുവഴി ലൈംഗികാസ്വാദന തൃഷ്ണയിലെ ശാരീരികാഹ്ലാദം ശമിക്കുമെന്ന് മഹര്‍ഷി പ്രതീക്ഷിച്ചിരുന്നു. ഈശ്വരാരാധനയോടെ സമ്പൂര്‍ണ്ണഭക്തിയോടെ, വികാരങ്ങളുടെ ഒരു തരത്തിലുമുള്ള ആഘോഷവുമില്ലാതെ, ശാന്തമായ മനസ്സോടെ സംഗമിക്കുമ്പോഴാണ് സര്‍വഗുണ സമ്പന്നരായ സന്തതികള്‍ പിറക്കുന്നത്. അംബികയും അംബാലികയും ഒരു വര്‍ഷം വ്രതമനുഷ്ഠിച്ച് ഇതൊരു ആസ്വാദന പ്രകിയയാക്കി മാറ്റാനുള്ള അവരുടെ ജന്മസിദ്ധമായ വാസനയെ നിഹനിച്ചിട്ട് വേണം എന്നില്‍ നിന്നും സന്തതികളെ ആഗ്രഹിക്കേണ്ടതെന്നായിരുന്നു വ്യാസന്റെ നിലപാട്.
വിധിയെ തടുക്കാന്‍ കഴിവുള്ള ഋഷിയാണെങ്കിലും സ്വന്തം മാതാവിനുവേണ്ടി പോലും വ്യാസന്‍ അതിനു ശ്രമിച്ചില്ല. കാലം കാലത്തിന്റെ കേളികള്‍ നടത്തട്ടെ എന്നായിരുന്നു ഈ മകന്റെ വിചാരം.
വ്യാസന്റെ മറുപടിയില്‍ നിരാശയായ സത്യവതി നേരത്തെ പറഞ്ഞ എല്ലാ യോഗത്യകളും തികഞ്ഞ പുത്രനെ അംബാലികയില്‍ ജനിപ്പിക്കണമെന്ന് വ്യാസനോട് അഭ്യര്‍ത്ഥിച്ചു. അമ്മയുടെ ഈ ആവശ്യവും അംഗീകരിച്ച മകനെ സത്യവതി അംബാലികയുടെ അടുത്തേക്ക് അയച്ചു. അംബാലികയാകട്ടെ വ്യാസനെ കണ്ടതോടെ പേടിച്ച് വിളറിപ്പോയി. മുറിയില്‍ നിന്നു പുറത്തുവന്ന വ്യാസന്‍ അമ്മയോട് പറഞ്ഞത് പിത്താധിക്യമുള്ള ഒരു പുത്രന്‍ അംബികയില്‍ പിറക്കുമെന്നായിരുന്നു. വ്യാസന്റെ രണ്ടു പരിശ്രമങ്ങളും വിഫലമായല്ലോയെന്ന് സത്യവതി വ്യസനത്തോടെ ഓര്‍ത്തു.
ദുഃഖിതയായ സത്യവതി ഒരു ഉപകാരം കൂടി മകനോട് അഭ്യര്‍ത്ഥിച്ചു. രാജ്യഭരണത്തിന് യോഗ്യതയുള്ള പുത്രന്മാര്‍ ജനിക്കാത്തതുമൂലം നിന്റെ രണ്ട് പരിശ്രമങ്ങളും ഫലം കാണാതെ വന്നിരിക്കുന്നു. അതുകൊണ്ട് നീ അംബികയെ വീണ്ടും സമീപിച്ച് ചക്രവര്‍ത്തി ലക്ഷണങ്ങളുള്ള ഒരു സന്താനത്തെ ജനിപ്പിച്ച് എനിക്ക് നല്‍കണം.
ഈ സമയംകൊണ്ട് കൊട്ടാരം മുഴുവന്‍ വ്യാസന്റെ വരവിനെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞിരുന്നു. മഹാനായ ഋഷി വേദവ്യാസനാണ് ഇവിടെ എത്തിയിട്ടുള്ളതെന്ന് കൊട്ടാരം ജീവനക്കാരെല്ലാം മനസ്സിലാക്കി. അമ്മയുടെ ഇംഗിതം ഇതിനകം അറിഞ്ഞ അംബികയും അംബാലികയും ഇനി തങ്ങള്‍ ഇതിന് തയ്യാറല്ലെന്നും, ഇതിനായി വൃഷലിയെ ഒരുക്കി നിര്‍ത്താനും തീരുമാനിച്ചു.
വ്യാസന്‍ മുറിയിലെത്തുമ്പോള്‍ ഇത് സര്‍വ്വാദരണീയനായ വേദവ്യാസ മഹര്‍ഷിയാണെന്ന് തിരിച്ചറിഞ്ഞ ദാസി യഥോചിതം പൂജിച്ച് സ്വീകരിച്ചു. വ്യാസനെ വിളക്ക് തെളിയിച്ച് കാല്‍കഴുകിച്ച് മാലയിട്ടാണ് അവര്‍ സ്വീകരിച്ചത്. സര്‍വജീവികാരുണ്യത്തിന്റെ വക്താവായ മഹാഋഷിയോടാണ് രണ്ട് രാജകുമാരിമാരും അവരുടെ സൗന്ദര്യത്തിന്റെയും പദവിയുടേയും പേരില്‍ അഹങ്കാരത്തോടെ പെരുമാറിയത്. സര്‍വഭൂതങ്ങളുടേയും ഹിതത്തില്‍ രതിയുള്ള ഋഷിയാണ് വ്യാസന്‍.
മൂന്നാമത്തെ ദൗത്യവും കഴിഞ്ഞു വരുന്ന മകനെ കാത്ത് അമ്മ പ്രതീക്ഷയോടെ ഇരുന്നു. ”സര്‍വഗുണസമ്പന്നനും ധര്‍മ്മിഷ്ഠനും സര്‍വജ്ഞനുമായ ഒരു മകന്‍ പിറക്കും. പക്ഷേ അവന്‍ പിറക്കുന്നത് ശൂദ്രസ്ത്രീയില്‍ ആയതിനാല്‍ അവന് രാജാവാകാന്‍ കഴിയില്ല.” അമ്മയുടെ ആകാംക്ഷയ്‌ക്ക് വിരാമമിട്ടുകൊണ്ട് മകന്‍ പറഞ്ഞു. അന്നത്തെ നിയമപ്രകാരവും സ്മൃതി അനുസരിച്ചും നാലാമത് വര്‍ണ്ണത്തില്‍പ്പെടുന്നവര്‍ക്ക് രാജാവകാന്‍ കഴിയില്ലായിരുന്നു. ചക്രവര്‍ത്തി യോഗമുള്ള ഒരു സന്താനം ജനിക്കുമ്പോഴും അവന് രാജാവാകാന്‍ കഴിയില്ലെന്ന സത്യം സത്യവതിയെ വേദനിപ്പിച്ചു. ഇതെല്ലാം ഇങ്ങനെ സംഭവിക്കുമെന്ന് വ്യാസന് മുന്‍കൂട്ടി അറിയാമായിരുന്നു. അംബികയില്‍ ജനിക്കുന്ന ധൃതരാഷ്‌ട്രരും അംബാലികയില്‍ ജനിക്കുന്ന പാണ്ഡുവും സ്മൃതി അനുസരിച്ച് രാജാവാകാന്‍ അയോഗ്യരാണെങ്കിലും അവര്‍ക്കിടയില്‍ താരതമ്യേന അയോഗ്യത കുറവുള്ള പാണ്ഡു രാജ്യം ഭരിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും വ്യാസന്‍ അമ്മയെ അറിയിച്ചു.
ഏതു പ്രശ്നം പരിഹരിക്കാനും, ഏതു തെറ്റിനെ ഇല്ലാതാക്കാനും ഏതു ദുഃഖത്തേയും ആനന്ദമാക്കി മാറ്റാനും കഴിയുന്ന ആദ്ധ്യാത്മിക ശക്തിയുള്ള എന്റെ മകന്‍ രാജാവാകന്‍ യോഗ്യതയുള്ള ഒരു സന്താനത്തെ തന്നില്ലല്ലോയെന്ന് ചിന്തിച്ച് സത്യവതി മൂകയായി ഇരുന്നു. നിന്റെ കര്‍മ്മത്തിന്റെ ഫലം നിഷ്ഫലമായിപ്പോയല്ലോ മകനെയെന്ന് സത്യവതി വ്യാസനോട് പറഞ്ഞു.
എന്റെ കര്‍മ്മം കൊണ്ടല്ല ഇതെല്ലാം സംഭവിച്ചതെന്നായിരുന്നു വ്യാസന്റെ മറുപടി. എനിക്ക് കര്‍മ്മങ്ങളില്ല. ഞാന്‍ കര്‍മ്മങ്ങള്‍ക്കെല്ലാം അതീതനാണ്. സല്‍കര്‍മ്മം, ദുഷ്‌കര്‍മ്മം എന്നീ സങ്കല്‍പ്പങ്ങളൊന്നും എന്നെ ബാധിക്കുകയില്ല. എനിക്ക് കര്‍മ്മ നിഷ്‌കര്‍മ്മങ്ങളില്ല. രാജകുമാരിമാരുടെ കര്‍മ്മത്തിന്റെ ഫലമായാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. അഗ്‌നി വിറകില്‍ എരിഞ്ഞുകത്തുമ്പോള്‍ ചാരം ഉണ്ടാകുന്നു. ഈ ചാരം എരിഞ്ഞുകത്തിയ അഗ്‌നിയുടെ വകയല്ല, വിറകിന്റെ വകയാണ്. ഞാന്‍ അവരില്‍ അഗ്‌നിയെപ്പോലെ കത്തുകയായിരുന്നു. അതില്‍ ചാരമുണ്ടായെങ്കില്‍ രാജകുമാരിമാര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വം. അതുകൊണ്ട് ഇത് എന്റെ കര്‍മ്മദോഷംകൊണ്ടാണെന്ന് അമ്മ പറയരുതെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു. അസാധാരണനായ തന്റെ മകന്റെ മറുപടി അല്‍പ്പം ഭയത്തോടെയാണ് സത്യവതി ശ്രവിച്ചത്. ഈ മകനോട് സംസാരിക്കുന്നതുതന്നെ സൂക്ഷിച്ചുവേണമെന്ന് സത്യവതി ചിന്തിച്ചു. വ്യാസന്‍ പിറന്നതിന്റെ പശ്ചാത്തലവും സാഹചര്യവുമെല്ലാം ഒരു മിന്നല്‍പോലെ സത്യവതിയുടെ മനസ്സില്‍ വന്നുപോയി.
അംബികയില്‍ ധൃതരാഷ്‌ട്രരും അംബാലികയില്‍ പാണ്ഡുവും ദാസിയില്‍ വിദുരരും ജനിച്ചു. അന്ധനായതിനാല്‍ ധൃതരാഷ്‌ട്രര്‍ രാജ്യഭാരം ഏറ്റില്ല. ധര്‍മ്മജ്ഞനും സര്‍വ്വഗുണ സമ്പന്നനുമായ വിദുരര്‍ നാലാമത്തെ വര്‍ണ്ണത്തില്‍ ജനിച്ചതിനാല്‍ സ്മൃതി അനുസരിച്ച് രാജാവാകന്‍ അയോഗ്യനായിരുന്നു. പാണ്ഡു ഹസ്തിനപുരിയിലെ രാജാവായി. ഇതോടെ കുരുവംശത്തിന്റെ കീര്‍ത്തി ശന്തനുവിന്റെ കാലത്തെന്നപോലെ ഭാരതവര്‍ഷം മുഴുവന്‍ വ്യാപിച്ചു.














