പെണ്‍കുട്ടിക്ക് കുട്ടികളെ വളരെയധികം ഇഷ്ടമായിരുന്നു. അവളുടെ വീട്ടുമുറ്റത്ത് കുട്ടികള്‍ കലപില വച്ച് ഓടിച്ചാടി നടന്നു. അവര്‍ക്ക് സ്വന്തം വീടുകളില്‍ അന്യമാക്കപ്പെട്ട സ്‌നേഹവും സ്വാതന്ത്ര്യവും പെണ്‍കുട്ടിയില്‍ നിന്നും, അവളുടെ ഗൃഹാന്തരീക്ഷത്തില്‍ നിന്നും നിര്‍ലോഭം ലഭിച്ചിരുന്നു.കുട്ടികളും പെണ്‍കുട്ടിയെ അഗാധമായി സ്‌നേഹിച്ചിരുന്നു.
പ്രായത്തിന്റെ പക്വത ആര്‍ജ്ജിക്കാത്തതുകൊണ്ടോ എന്തോ അവളിലെ കുട്ടിത്തം നിശേഷം വിട്ടു പോയിരുന്നില്ല. പെണ്‍കുട്ടി തന്റെ വിരസമായ നിമിഷങ്ങള്‍ കുട്ടികളിലൂടെ ആഹ്ലാദരിതമാക്കി. ‘അമ്മു ചേച്ചി..’ എന്ന അവരുടെ നീണ്ട വിളിയില്‍ സ്‌നേഹാദരവുകള്‍ക്കപ്പുറം എന്താണ് ജ്വലിച്ചു കിടന്നത്? അവള്‍ നിഷ്‌കളങ്കയായിരുന്നു. പക്ഷേ..?
പെണ്‍കുട്ടിയുടെ കൂട്ടുകാരില്‍ കണ്ട പ്രകടമായ വ്യത്യാസം അവരെല്ലാം ആണ്‍കുട്ടികളായിരുന്നു എന്നതാണ്. പെണ്‍കുട്ടികള്‍ അവളുടെ സ്‌നേഹവലയത്തില്‍ ഒറ്റപ്പെട്ടു കിടന്നുവെങ്കിലും ആണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് കണ്ടപ്പോള്‍ അവര്‍ സൗഹൃദം മുറിച്ച് കടന്നുപോയെന്ന് പറയുന്നതിലും ശരി ആണ്‍കുട്ടികള്‍ ആസൂത്രിതമായി അവരെ അകറ്റുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ പിന്നിലെ ചേതോവികാരം പെണ്‍കുട്ടി മനസ്സിലാക്കുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല.
പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് തന്നില്‍നിന്ന് അകന്നുപോയത്. ആണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് തന്നിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്. അവള്‍ അതൊന്നും ആലോചിച്ചു തലപുകച്ചിരുന്നില്ല. എങ്കിലും പെണ്‍കുട്ടികള്‍ വരാത്തതിന്റെ പിന്നില്‍ വിലക്കുണ്ടാകുമെന്നും, ആണ്‍കുട്ടികള്‍ക്ക് അങ്ങനെ വിലക്കുണ്ടാകില്ലെന്നും അവള്‍ ഊഹിച്ചു. അവള്‍ക്ക് അങ്ങനെ ചിന്തിക്കുവാനേ കഴിയുമായിരുന്നുള്ളൂ. അവള്‍ നിഷ്‌കളങ്കയായിരുന്നല്ലോ.
പുലര്‍വെട്ടം മരച്ചില്ലകളിലൂടെ ഊഷ്മളമായ പ്രഭ പരത്തി പെയ്തിറങ്ങുമ്പോള്‍ അവളുടെ അച്ഛനും അമ്മയും അകലെയുള്ള പണിശാലയിലേക്ക് പുറപ്പെടുകയും വീട്ടില്‍ അവള്‍ മാത്രം അവശേഷിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് അതൊരു അനുഗ്രഹമായി അനുഭവപ്പെട്ടു. അവര്‍ക്ക് അവിടെ ലഭിച്ച സ്വാതന്ത്ര്യം അവര്‍ അര്‍ഹിക്കുന്ന വിധം നിറവേറ്റുവാന്‍ അവസരങ്ങള്‍ അനുകൂലമായി നിന്നു. അവധി ദിവസങ്ങളില്‍ കൂടുതല്‍ സമയവും അവര്‍ പെണ്‍കുട്ടി യോടൊപ്പം ഉണ്ടാകും. ചെറിയ ചെറിയ ജോലികളില്‍ അവര്‍ പെണ്‍കുട്ടിയെ സഹായിക്കുന്നതിന് മത്സരിക്കുകയും ചെയ്തു. ഉച്ചയാകുമ്പോള്‍ വീടുകളിലേക്ക് ചിതറി പോവുകയും, എല്ലാവര്‍ക്കും മുന്‍പ് എത്തണമെന്ന വിചാരത്തോടെ ഓരോരുത്തരും ഊണ് കഴിച്ചും കഴിക്കാതെയും അവള്‍ക്ക് അരികിലേക്ക് പറന്നെത്തുകയും ചെയ്യുന്നതിന്റെ ഗൂഢോദ്ദേശ്യം പെണ്‍കുട്ടിക്ക് തീര്‍ത്തും അജ്ഞാതമായിരുന്നു.
സ്‌കൂള്‍ ദിവസങ്ങളില്‍ അവര്‍ക്ക് വൈകുന്നേരങ്ങള്‍ മാത്രമേ അവിടെ ലഭിച്ചിരുന്നു ള്ളൂ. സ്‌കൂള്‍ വിട്ടാല്‍ അവര്‍ തൊടുത്തു വിട്ട അമ്പു പോലെയാണ്. നേരെ സ്വന്തം വീടുകളിലേക്ക്… അവിടെ നിന്നും നേരെ പെണ്‍കുട്ടിയുടെ അടുത്തേയ്‌ക്ക്… കുട്ടികള്‍ അവള്‍ക്ക് അരികിലെത്താത്ത ദിവസങ്ങള്‍ വിരളമായിരുന്നു. പെണ്‍കുട്ടിയോടുള്ള നിരന്തര സാമിപ്യത്തില്‍ ഒരജ്ഞാതമായ അനുഭൂതിയും സുഗന്ധവും തിരിച്ചറിഞ്ഞ് കുട്ടികള്‍ പലപ്പോഴും സ്‌കൂളില്‍ പോകാന്‍ മടികാണിച്ചു. പാഠപുസ്തകങ്ങളിലൂടെ കണ്ണുകള്‍ മാത്രം വെറുതെ ഓടി നടന്നു. അവരുടെ മനസ്സിന്റെ നീലാകാശങ്ങളില്‍ പെണ്‍കുട്ടിയൊരു മിന്നല്‍പ്പിണറായി ചുറ്റിയടിച്ചു. അവള്‍ ആകട്ടെ ഇതൊന്നും തന്നെ അറിഞ്ഞിരുന്നില്ല. അവള്‍ നിഷ്‌കളങ്കയായിരുന്നല്ലോ.
അവള്‍ എവിടേയ്‌ക്ക് പോകുന്നുവോ കുട്ടികളും ജാഥയായി അനുഗമിക്കും. കിണറ്റിന്‍കരയിലേക്ക് പോയാല്‍.. അടുക്കളയിലേക്ക് പോയാല്‍… മുറിയിലേക്ക് പോയാല്‍…അങ്ങനെ അസഹ്യമായ അനുഗമിക്കല്‍ അവളുടെ അനിവാര്യമായ സ്വകാര്യതകളെ ശ്വാസം മുട്ടിച്ചു. ചിലപ്പോഴൊക്കെ വല്ലാത്ത ദേഷ്യം തോന്നി ഇങ്ങനെ പറയുമായിരുന്നു: ‘പോയി കളിക്കിന്‍, ല്ലേല്‍ ഞാന്‍ പിണ പിണങ്ങും.’
കുട്ടികളുടെ ഭാവം പെട്ടെന്ന് മാറുകയും കണ്ണുകളില്‍ ഒരു തീ തിളക്കം മിന്നി മറയുകയും ചെയ്യും. അവള്‍ അതൊന്നും ഗൗനിക്കാതെ ആവര്‍ത്തിക്കും. ‘പോയി കളിക്കിന്‍..’
കുട്ടികള്‍ അര്‍ദ്ധ മനസ്സോടെ പിന്‍വാങ്ങുകയും താല്‍പ്പര്യമില്ലാതെ ഓരോ കളികളില്‍ ഏര്‍പ്പെടുകയും ചെയ്യും. ചിലര്‍ ഗോലി കളിക്കും. ചിലര്‍ കണ്ണ് പൊത്തി ക്കളിക്കും, ചിലര്‍ ഏണിയും പാമ്പും കളിക്കും… കളികളുടെ കൃത്രിമ സന്തോഷങ്ങളില്‍ ഉറവെടുക്കുന്ന തര്‍ക്കങ്ങളും പൊട്ടിച്ചിരികളും ഗൃഹാന്തരീക്ഷം ശബ്ദമുഖരിതമാക്കും. ഈ സന്ദര്‍ഭത്തില്‍ തന്റെ സ്വകാര്യ കൃത്യങ്ങള്‍ നിര്‍വഹിച്ച് അവള്‍ തിരിച്ചുവരും. പിന്നെ ഉമ്മറത്തു കളികളില്‍ മിഴി നട്ടിരിക്കും. അവളുടെ സാന്നിധ്യം കളികള്‍ മന്ദഗതിയിലാക്കുകയും, കുട്ടികള്‍ പെണ്‍കുട്ടിയുടെ അടുത്തെത്തി വട്ടമിട്ടിരിക്കുകയും അവളെ മിഴിച്ചു നോക്കുകയും ചെയ്യും. അപ്പോള്‍ ചെറു ചിരിയോടെ അവള്‍ ചോദിക്കും.
‘എന്താ മിഴിച്ചു നോക്കുന്നെ. കുന്തം വിഴുങ്ങിയ പോലെ…’
അവര്‍ ഉള്‍പ്പിടയലോടെ കണ്ണുകള്‍ പിന്‍വലിച്ച് കുട്ടികളാകാനൊരു പാഴ്ശ്രമം നടത്തും. സന്ധ്യയാകുമ്പോള്‍ അമ്മു ചേച്ചിയെ കുറിച്ച് മാത്രം പറഞ്ഞ് വീടുകളിലേക്ക് പോകുമ്പോള്‍, ഒരിക്കല്‍ കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടി അനു പറഞ്ഞു.
‘അമ്മു ചേച്ചി നല്ല ചരക്കാ, അല്ലേടാ…’ ‘അതേ അതേ…’ കൂട്ടുകാര്‍ ഏറ്റുപറഞ്ഞു.
ഒരു കാഴ്ചയില്‍ കുട്ടികളായിരുന്നെങ്കിലും മറുകഴ്ചയില്‍ അവര്‍ കുട്ടികളായിരുന്നില്ല. കുഞ്ഞു മനസ്സുകള്‍ക്ക് അന്യമാകേണ്ടവ നിരന്തരം കണ്ടും കേട്ടും അവര്‍ക്കത് വിഷം പകര്‍ന്നു കൊടുക്കുകയും അവര്‍ കുടിച്ചു കുടിച്ച് വിഷജന്തുക്കളായി രൂപാന്തരപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
വിട്ടുമുറിയിലെ ചതുരക്കൂടുകള്‍ വികാരങ്ങളും അനുഭൂതികളും പിറക്കാത്ത അവരില്‍ അതിന്റെ ആഘാതത്തിലും ഉള്‍ച്ചൂടിലും തീവ്ര ദാഹത്തിന്റെ ഉറവകള്‍ പൊട്ടിച്ചു. അവരുടെ ഉള്ളറകളുടെ മൃദുല ഭിത്തികളില്‍ അഗാധമായ വിള്ളലുകള്‍ വീണു. അതില്‍ കറുത്ത ക്ഷുദ്രജീവികള്‍ കയറിക്കൂടി വിടവുകളിലിരുന്ന് പെറ്റ് പെരുകി. അങ്ങനെ കുട്ടികളുടെ ചിന്തകളും സ്വപ്‌നങ്ങളും നനവുള്ളതായി. ആ നനവില്‍ അവര്‍ ഉള്‍പ്പുളകമറിഞ്ഞു.
ഈ സന്ദര്‍ഭത്തിലായിരുന്നു കുട്ടികള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും അവളുടെ നിഷ്‌കളങ്കതയെ സമര്‍ത്ഥമായി ചൂഷണം ചെയ്ത് തങ്ങളുടെ മൃദുല വികാരങ്ങളും അഭിലാഷങ്ങളും അനുഭവവേദ്യമാക്കാന്‍ തുനിഞ്ഞതും. പെണ്‍കുട്ടി അതൊന്നും അറിഞ്ഞിരുന്നില്ല. അവര്‍ നൈമിഷികാനുഭൂതിയുടെ കുന്നുകളും താഴ്‌വരകളും അവളിലൂടെ കയറിയിറങ്ങി. കഴുത്തില്‍ കൈ ചുറ്റി മുതുകില്‍ തൂങ്ങിക്കിടക്കാന്‍ മത്സരിക്കുമ്പോഴും അവള്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. അവര്‍ കുട്ടികളല്ലേ എന്ന വിചാരമായിരുന്നു അവള്‍ക്ക്. പെണ്‍കുട്ടി അത്രയ്‌ക്ക് നിഷ്‌കളങ്കയായിരുന്നല്ലോ.
ഒരു ദിവസം. ഗ്രാമം ചതിരപ്പെട്ടികള്‍ക്ക് മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു. ഒരു ക്രൈം സിനിമയായിരുന്നു അതില്‍. ഒരു സംഘം റൗഡികളുടെ ആക്രമണത്തിന് വിധേയയാകുന്ന പെണ്‍കുട്ടിയുടെ ചിത്രം ഭീതിതമായ ശബ്ദത്തോടെ സ്‌ക്രീനില്‍ തെളിഞ്ഞു. നിശ്വാസങ്ങള്‍… നെടുവീര്‍പ്പുകള്‍…
മുന്നിലിരുന്ന കുട്ടി അനു അസ്വസ്ഥനായി എഴുന്നേറ്റു. ഒപ്പം അവന്റെ കൂട്ടുകാരും. അനു പറഞ്ഞു:
‘വാ, നമുക്ക് അമ്മു ചേച്ചിയുടെ വീട്ടിലേക്ക് പോകാം.’
അവര്‍ വളരെ വേഗം പെണ്‍കുട്ടിയുടെ വീട്ടിലെത്തി. തുറന്നിട്ട മുറിയില്‍ മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ പ്രകാശത്തില്‍ അവള്‍ എന്തോ വായിക്കുകയായിരുന്നു. അച്ഛനും അമ്മയും ജോലി കഴിഞ്ഞ് എത്തിയിരുന്നില്ല. അവര്‍ മുറിയിലേയ്‌ക്ക് പ്രവേശിച്ചു. മുന്നില്‍ നിഴലുകള്‍ വീണപ്പോള്‍ അവള്‍ വാതില്‍ക്കലേക്ക് നോക്കി.
‘എന്താ, അനു രാത്രിയില്‍ കൂട്ടിരിക്കാന്‍ വന്നതാണോ?’
‘അനു ഒന്നും പറഞ്ഞില്ല.’
സ്‌ക്രീനില്‍ വിവസ്ത്രയാക്കപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം അവന്റെ ഉള്ളില്‍ ഉക്കോടെ വന്നിടിച്ചു. കൈകളിലൂടെ നിയന്ത്രണാതീതമായ തരിപ്പ് പടര്‍ന്നു കയറി
നൂല്‍ ഞരമ്പുകളിലൂടെ തീച്ചൂട് കുതിച്ചൊഴുകി.. പെണ്‍കുട്ടി അവനടുത്തേയ്‌ക്ക് വന്നു.
‘എന്തിനാ അനു വന്നത്… പറയൂ… നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തത്.’ അജ്ഞാതമായ ഒരു ഉള്‍പ്രേരണ അനുവിനെ കീഴടക്കി. അവന്‍ മൃഗാവേശത്തോടെ പെണ്‍കുട്ടിയുടെ മേല്‍ ചാടിവീണു. അപ്രതീക്ഷിതമായ ആക്രമണം. അവളെ നേര്‍ത്തൊരു ഒച്ചയ്‌ക്ക് പോലും പ്രാപ്തയാക്കിയില്ല. അവര്‍ അവളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി ദൂരെയെറിഞ്ഞു. രക്ഷപ്പെടാനൊരു കടുത്ത ശ്രമം നടത്തുന്നതിനിടയില്‍ ഭയവിഹ്വലയായ പെണ്‍കുട്ടിയില്‍ നിന്നും പരിഭ്രമം പുരണ്ട വാക്കുകള്‍ തെന്നിത്തെറിച്ചുവീണു.
‘അനു… വിനു… നിങ്ങള്‍ക്ക് എന്തുപറ്റി? എന്താണീ കാണിക്കുന്നത്?’ അതിന്റെ മറുപടി എന്നപോലെ അവര്‍ പെണ്‍കുട്ടിയെ മണ്‍ തറയില്‍ ബലമായി പിടിച്ചു കിടത്തി. അവരുടെ ബലിഷ്ഠമായ കൈകളില്‍ പിടയുമ്പോള്‍ പെണ്‍കുട്ടി ഓര്‍ത്തു. നിലവിളിച്ചാലോ? പക്ഷേ, അവള്‍ക്ക് അതിനും കഴിയുമായിരുന്നില്ല. അര്‍ദ്ധ ബോധത്തില്‍ തളര്‍ന്ന മിഴികള്‍ തുറന്ന് അവള്‍ ചുറ്റും നോക്കി. ചോരക്കണ്ണുകളോടെ, കൂര്‍ത്ത ദംഷ്‌ട്രകളോടെ, അപാരമായ കരുത്തോടെ കാമാന്ധരായി കുട്ടികള്‍ രൂപാന്തരപ്പെട്ട് നില്‍ക്കുന്നത് അവ്യക്തമായി അവള്‍ കണ്ടു. പെണ്‍കുട്ടി കണ്ണുകള്‍ ഇറുക്കിയടച്ച് അവര്‍ക്ക് മധ്യേ പിന്നെയും പ്രജ്ഞയറ്റു കിടന്നു.
















